തൊടുപുഴ: പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ ഗഹോപകരണങ്ങള് കവര്‍ന്നു. ജനാല പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ വിലകൂടിയ എസി അടക്കമുള്ള ഗൃഹോപകരണങ്ങളാണ് അപഹരിച്ചത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇടവെട്ടി തൊണ്ടിക്കുഴ ആര്‍പ്പാമറ്റം അരയത്ത് പുത്തന്‍പുരയില്‍ ബിജോയിയുടെ വീട്ടിലാണ് മോഷണംനടന്നത്.
ബിജോയി നാട്ടിലില്ലാത്തിനാല്‍ വീട് പരിപാലിച്ചിരുന്ന അടുത്ത ബന്ധുവായ അലക്സ് കഴിഞ്ഞ ഞായറാഴ്ച എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മൂന്ന് എസി, ഒരു ടിവി, രണ്ട് ഫാൻ, ഫ്രിഡ്ജിന്റെ മോട്ടോര്‍, ഇന്വേര്ട്ടര് ബാറ്ററി, രണ്ട് ഗ്യാസ് സിലിണ്ടർ, കിണറ്റില്‍ വച്ചിരുന്ന മോട്ടോർ, രണ്ട് ഗ്യാസ് സ്റ്റൗ, അലുമിനിയം പാത്രങ്ങൾ, ചെമ്പു പാത്രം, ബാത്ത്റൂമിലും മറ്റും പിടിപ്പിച്ചിരുന്ന ടാപ്പുകള്‍ എന്നിവയാണ് മോഷണം പോയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസ് ഞായറാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും വീട്ടില്‍നിന്നും തെളിവുകള്‍ ശേഖരിച്ചു. വീട്ടില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പ്രതികളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും സമീപത്തുള്ള നിരീക്ഷണ കാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
അയല്‍വാസികളും മോഷണം നടന്ന വിവരം അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.