Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Experts

Family Health

വിദേശ മലയാളികൾക്ക് ആരോഗ്യവിദഗ്ധരുടെ സേവനവുമായി മെഡ്‌ലോർഡ്

കൊച്ചി: വിദേശ മലയാളികൾക്ക് നാട്ടിലെ ആരോഗ്യവിദഗ്ധരുടെ സേവനം ഓൺലൈനിലൂടെ ലഭ്യമാക്കുന്ന ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ മെഡ്‌ലോർഡ് പ്രവർത്തനം ആരംഭിച്ചു. വിവിധ ചികിത്സാമേഖലകളിലെ വിദഗ്ധരുടെ സേവനം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌ലോർഡിന്‍റെ ലക്ഷ്യം.

എംബിബിഎസ് ഡോക്ടർമാർക്കു പുറമേ ആയുർവേദ ഡോക്ടർമാർ, ദന്തഡോക്ടർമാർ, മൃഗഡോക്ടർമാർ, ഡയറ്റീഷ്യൻമാർ, പോഷകാഹാര വിദഗ്ധർ, ഫിസിയോതെറാപ്പിസ്റ്റുകൾ, മനഃശാസ്ത്ര വിദഗ്ധർ തുടങ്ങിയവരുടെ സേവനങ്ങളും പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും.

ആദ്യഘട്ടത്തിൽ ഓസ്‌ട്രേലിയ, യുകെ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മലയാളികൾക്കാണ് സേവനം ലഭ്യമാക്കുന്നത്. രണ്ടാംഘട്ടത്തിൽ കാനഡ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

രോഗികൾക്ക് അതത് രാജ്യങ്ങളിലെ ലാബുകളിൽ പരിശോധന നടത്തുന്നതിനുള്ള മാർഗനിർദേശവും പരിശോധനാഫലങ്ങൾ അടിസ്ഥാനമാക്കി തുടർചികിത്സയ്ക്കുള്ള സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്. ആവശ്യമായ മരുന്നുകൾ അയച്ചുനൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ ചികിത്സാ സൗകര്യങ്ങൾ ഏകോപിപ്പിച്ചുനൽകാനും മെഡ്‌ലോർഡിലൂടെ സാധിക്കും.

വിദേശത്ത് കഴിയുന്നവർക്ക് അസുഖം ബാധിക്കുമ്പോൾ നേരിടേണ്ടിവരുന്ന ദൂരവും ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പും സൃഷ്ടിക്കുന്ന ആശങ്കകൾ കുറയ്ക്കുകയാണ് സംരംഭത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് മെഡ്‌ലോർഡ് സ്ഥാപകൻ സായൂജ് സതീശൻ പറഞ്ഞു. സോഫ്റ്റ്‌വെയർ എൻജിനീയറായ അഖിൽ കെ. പരമേശ്വരനുമായി ചേർന്നാണ് അദ്ദേഹം സംരംഭത്തിന് തുടക്കമിട്ടത്.

വിദേശ മലയാളിയായ സായൂജിന് ന്യൂസിലൻഡിൽ നേരിടേണ്ടിവന്ന ആരോഗ്യപ്രശ്‌നമാണ് ഇത്തരമൊരു സംരംഭത്തിന് പ്രചോദനമായത്. വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തിന് ഡോക്ടറുടെ അപ്പോയിന്‍റ്മെന്‍റ് ലഭിക്കാൻ നാലുമാസം കാത്തിരിക്കേണ്ട സാഹചര്യമുണ്ടായി. അടിയന്തര ചികിത്സ ആവശ്യമായിരുന്നില്ലെങ്കിലും അസുഖവും നീണ്ട കാത്തിരിപ്പും മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു.

വിദേശത്ത് കഴിയുന്ന നിരവധി മലയാളികളും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇതിന് പരിഹാരം കണ്ടെത്താൻ സായൂജ് ശ്രമിച്ചത്.

ആരോഗ്യപരിശോധനാ റിപ്പോർട്ടുകൾ നാട്ടിലുള്ള ബന്ധുക്കൾക്കോ ഡോക്ടർമാർക്കോ വാട്സാപ്പിലൂടെ അയച്ച് ഉപദേശം തേടുന്നവരുടെ അനുഭവങ്ങളും ഇത്തരമൊരു സംവിധാനത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി. തുടർന്നാണ് ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തിയ സായൂജ് മെഡ്‌ലോർഡിന് തുടക്കമിട്ടത്.

Latest News

Corehub Up