ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പണമടച്ചുള്ള പരസ്യങ്ങൾ ഇന്ത്യയിൽ ഇൻസ്റ്റഗ്രാം പ്രദർശിപ്പിക്കുന്നുണ്ടെന്ന് ബിബിസിയുടെ അന്വേഷണാത്മക റിപ്പോർട്ട്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാമിലെ പരസ്യങ്ങളിലൂടെ വിൽക്കുകയാണെന്നാണ് ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസിയുടെ കണ്ടെത്തൽ. പരസ്യങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി ഇൻസ്റ്റഗ്രാമിനോടു പരാതിപ്പെട്ടിട്ടും പരസ്യങ്ങൾ ഇൻസ്റ്റഗ്രാം നീക്കിയില്ലെന്നും ആരോപണമുണ്ട്.
ഇൻസ്റ്റഗ്രാമിൽ ലൈംഗിക ഉള്ളടക്കം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളുടെ ലിങ്കുകൾ ടെലിഗ്രാമിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതാണെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്.
ഇൻസ്റ്റഗ്രാമിലെ പരസ്യങ്ങൾ അവരുടെ മോഡറേഷൻ ടെക്നോളജി ആദ്യം അനുമതി നൽകിയതിനുശേഷം മാത്രമായിരിക്കും ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിക്കുക എന്നിരിക്കെ ലൈംഗിക ഉള്ളടക്കങ്ങൾ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഇൻസ്റ്റഗ്രാമിന്റെയും അവരുടെ മാതൃകമ്പനിയായ മെറ്റയുടെയും ഭാഗത്തുനിന്നുണ്ടായ വൻ വീഴ്ചയാണ്.
ലെംഗിക പരാമർശങ്ങളടങ്ങുന്ന ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാം ഫീഡിൽ വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനുശേഷം ബിബിസി ഒരു ഡമ്മി അക്കൗണ്ട് സൃഷ്ടിച്ചാണ് ഇൻസ്റ്റഗ്രാമിന്റെ വീഴ്ച കണ്ടെത്തിയത്. ലൈംഗിക പരാമർശമുള്ള ചില അക്കൗണ്ടുകൾ ബിബിസിയുടെ ഡമ്മി അക്കൗണ്ട് ആദ്യം ഫോളോ ചെയ്തായിരുന്നു അന്വേഷണത്തിന്റെ തുടക്കം.
ലൈംഗിക ഉള്ളടക്കങ്ങളിൽ ബിബിസിയുടെ ഡമ്മി അക്കൗണ്ട് താത്പര്യം പ്രകടിപ്പിച്ചതിനാൽ അതിനുപിന്നാലെയുള്ള ചില ദിവസങ്ങൾക്കുള്ളിൽത്തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും ലൈംഗിക ദുരുപയോഗങ്ങളുടെ പരസ്യങ്ങൾ ബിബിസി ഡമ്മി അക്കൗണ്ടിന് ലഭിക്കുകയായിരുന്നു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ഏകദേശം 30 വ്യത്യസ്ത പരസ്യങ്ങൾ തങ്ങളുടെ അക്കൗണ്ടിനു ലഭിച്ചെന്നാണ് ബിബിസിയുടെ അന്വേഷണറിപ്പോർട്ടിൽ പറയുന്നത്.
ഇത്തരം പരസ്യങ്ങളെപ്പറ്റി ഇൻസ്റ്റഗ്രാമിൽ റിപ്പോർട്ട് ചെയ്തപ്പോൾ പരസ്യം തങ്ങളുടെ സാമൂഹിക മാനദണ്ഡങ്ങൾക്ക് എതിരല്ലാത്തതിനാൽ നീക്കം ചെയ്തിട്ടില്ലെന്നായിരുന്നു ഇൻസ്റ്റഗ്രാം ബിബിസിയെ അറിയിച്ചത്. എന്നാൽ സംവിധാനത്തിലെ വീഴ്ച ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അറിയിച്ച മെറ്റ ചില ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകുമെന്നും പ്രതികരിച്ചു.
പരസ്യങ്ങളിൽ പ്രോആക്ടീവ് ഡിറ്റക്ഷൻ ടെക്നോളജി പ്രവർത്തിപ്പിക്കുന്നത് തുടരുമെന്നും ഏതെങ്കിലും പരസ്യം നിയമം തെറ്റിക്കുന്നുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ ആർക്കുവേണമെങ്കിലും ആ പരസ്യം തങ്ങൾക്കു റിപ്പോർട്ട് ചെയ്യാമെന്നും മെറ്റ അറിയിച്ചു.