തിരുവനന്തപുരം: ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടി കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്തെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനകരമായ തീരുമാനമാണിതെന്നും കേന്ദ്ര സർക്കാരിനും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി പറയുന്നതായും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ട്രെയിൻ തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള ആവശ്യത്തെ എതിർത്ത കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലിന്റെ നടപടി സങ്കുചിതമായിപ്പോയെന്നും കൃഷ്ണദാസ് പറഞ്ഞു. കെ.സി. വേണുഗോപാൽ മുന്നോട്ട് വെച്ച ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണ്.
കേരളത്തിനായി കൂടുതൽ ട്രെയിനുകൾ അടക്കം വലിയ റെയിൽ പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കി വരികയാണ്. കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച പുതിയ വിസ്റ്റാഡോം കോച്ചുകളുടെ പിതൃത്വം ഏറ്റെടുക്കാൻ ചില യുഡിഎഫ് എംപിമാർ നടത്തുന്ന തമ്മിലടി കാണുമ്പോൾ സഹതാപമാണ് തോന്നുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.