സ്വന്തം ലേഖിക
തിരുവനന്തപുരം: അലകൾ ഇളകുന്ന കടൽ പോലെ പട്ടണം സുബ്രഹ്മണ്യരുടെ ഇതിന്യായമാ ശ്രീരാമചന്ദ്ര...എന്ന കീർത്തനം ഉണർന്നുയർന്നു. ജയദേവരുടെ, സംഗീത ത്രിമൂർത്തികളുടെ, അണ്ണമാചാര്യയുടെ, ഗോപാലകൃഷ്ണ ഭാരതിയുടെ കൃതികൾ ഒന്നൊന്നായി തിരയടിച്ച് ഉയർന്നപ്പോൾ നഗരസന്ധ്യയ്ക്ക് രാഗ സായൂജ്യം.
12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജയദേവർ മുതൽ ഇന്നും മലയാളികൾക്കൊപ്പം ഉള്ള തുളസിവനം വരെയുള്ള വാഗ്ഗേയകാരന്മാരുടെ കൃതികളിലൂടെയുള്ള ഒരു തീർഥാടനം. അതായിരുന്നു ഇന്നലെ ശ്രീ കാർത്തികതിരുനാൾ തിയറ്ററിൽ നടന്ന കർണാടക സംഗീത വാഗ്ഗേയകാരന്മാർ നൂറ്റാണ്ടുകളിലൂടെ എന്ന സംഗീത പരിപാടി. തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സംഗീത വിഭാഗത്തിന്റെ പൂർവ വിദ്യാർഥിനി സംഘടനയായ ധ്വനിയാണ് ഈ രാഗജാലകം തുറന്നത്. ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ശ്രീചിത്തിര തിരുനാൾ-സേതു പാർവതി ബായ് ജയന്തി സംഗീതോത്സവത്തിന്റെ ഭാഗമായിരുന്നു ഈ അപൂർവ സംഗീത സദസ്. കർണാടക സംഗീതജ്ഞ പ്രഫ. എ. ജാനകിയമ്മാൾ, സംഗീതജ്ഞരും പിന്നണി ഗായികമാരുമായ ഡോ. ബി. അരുന്ധതി, ഡോ. ഭാവന രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 14 സംഗീതജ്ഞരാണ് സംഗീത സദസിന്റെ ഭാഗമായത്.
17,18 നൂറ്റാണ്ടിൽ ജീവിച്ച സംസ്കൃത കവി രാമപാണി വാദന്റെ ഗൗള രാഗത്തിലെ ഗണപതി കീർത്തനത്തോടെ തുടക്കം. ഇതേ കാലയളവിൽ ഭക്തിയുടെ തരംഗം തീർത്ത നാരായണ തീർഥരുടെ കൃഷ്ണലീല തരംഗിണിയിലെ പാഹി പാഹിമാം... എന്ന തരംഗവും നിറഞ്ഞു. ത്യാഗരാജ സ്വാമികൾ, ദീക്ഷിതർ, ശ്യാമാ ശാസ്ത്രി എന്നീ സംഗീത ഇതിഹാസങ്ങളുടെ കീർത്തനങ്ങൾ അഭൗമമായ ആത്മീയനുഭൂതിയായി.
15, 16 നൂറ്റാണ്ടുകളിൽ ജീവിച്ച സന്യാസവര്യനും സംഗീതജ്ഞനുമായ അണ്ണമാചാര്യ, ഇന്നത്തെ കർണാടക സംഗീത പാഠ്യപദ്ധതിക്ക് വിത്തുപാകിയ സംഗീത പിതാമഹൻ പുരന്ദരദാസർ എന്നിവരുടെ കൃതികൾ ഗതകാലത്തിലേക്കുള്ള യാത്രയായി. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഊത്തുക്കാട് വെങ്കിടസുബ്രഹ്മണ്യ അയ്യർ, 19, 20 നൂറ്റാണ്ടുകളിൽ സംഗീത സൗഭാഗ്യം നിറച്ച സ്വാതി തിരുനാൾ സംഗീത അക്കാദമിയുടെ സ്ഥാപകൻ കൂടിയായ മുത്തയ്യ ഭാഗവതർ എന്നിവരുടെ കീർത്തനങ്ങളും രാഗസാഗരത്തിൽ അലിഞ്ഞു ചേർന്നു .
സ്വാതി തിരുനാളിന്റെ നവരാത്രി ഉത്സവ കൃതിയായ പാഹിമാം ശ്രീവാഗീശ്വരി.. കല്യാണി രാഗത്തിന്റെ ചാരുത പകർന്നു. മൈസൂർ വാസുദേവാചാര്യ, ഗോപാലകൃഷ്ണ ഭാരതി, പാപനാശം ശിവൻ എന്നിവരുടെ കീർത്തനങ്ങൾ പഴയ നാദ- താള ഭൂമികയുടെ സ്പന്ദനം ആയി.
1939-ൽ ജനിച്ച തുളസീവനത്തിന്റെ ആത്മനിവേദനം അഭിരാമ ഹരെ... ഭക്തിയുടെ ആത്മസമർപ്പണമായി. സ്വാതി തിരുനാൾ സംഗീത അക്കാദമി പ്രിൻസിപ്പൽ ജി.എൻ. ബാലസബ്രഹ്മണ്യത്തിന്റെ തില്ലാനയോടെ ആയിരുന്നു സമാപനം.
വീണയിൽ പ്രഫ. കോഴിക്കോട് വി. സൗന്ദര രാജൻ, വയലിനിൽ സംഗീത് ശിവസൗധം, മൃദംഗത്തിൽ തിരുവനന്തപുരം ഹരിഹരൻ, ഘടത്തിൽ തിരുവനന്തപുരം മനോജ് എന്നിവർ താളമേകി.