ഗാങ്ടോക്: 42ാമത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പിന്റെ സെമിഫൈനലിൽ ഗോകുലം കേരള എഫ്സി ഇന്ന് ആക്രാമണ് എസ്സി സിക്കിമിനെ നേരിടും. ഗാങ്ടോക്കിലെ പാൽജോർ സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്.
ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് മലബാറിയൻസ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ തണ്ടർബോൾട്ട് നോർത്ത് യുണൈറ്റഡിനെ 4-1ന് പരാജയപ്പെടുത്തിയ ഗോകുലം, രണ്ടാം മത്സരത്തിൽ സുദേവ ഡൽഹി എഫ്സിയെ 2-1നും തോൽപ്പിച്ചു.
ബ്രസീലിയൻ സ്ട്രൈക്കർ വിക്ടർ മത്യൂസ് രണ്ട് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലാണ്. പുതിയ പരിശീലകൻ കാർലോസ് എഡ്വാർഡോ പരേരയ്ക്ക് കീഴിൽ ആക്രമണ ഫുട്ബോളും മികച്ച ടീം ഒത്തിണക്കവും പ്രകടിപ്പിച്ചാണ് ഗോകുലത്തിന്റെ മുന്നേറ്റം.
കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് തോൽപ്പിച്ചാണ് ആക്രാമണ് എസ്സി സെമിയിലെത്തിയത്. ഇന്ത്യൻ ഫുട്ബോൾ ലീഗ് 2026-27 സീസണിന് മുന്നോടിയായി ഗോൾഡ് കപ്പിൽ ഫൈനലിലെത്തുന്നതും കിരീടം നേടുന്നതും ടീമിന് വലിയ ആത്മവിശ്വാസം പകരും.മത്സരം No.10 Sportsൽ തത്സമയം സംപ്രേഷണം ചെയ്യും.