പരിഹസിച്ചവർക്ക് മുന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യ്ക്കൊപ്പമുള്ള ചിത്രം ഒടുവിൽ പങ്കുവച്ച് പാലക്കാട് മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ.
എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിജയ് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് കെ ഉണ്ണിക്കണ്ണൻ വിജയ് ഫാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
തോൽക്കുന്നവനേ ജയിക്കുകയുള്ളൂ, തലവര മാറ്റിയ ദളപതി എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിക്കണ്ണൻ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിന് ശേഷമാണ് ഉണ്ണിക്കണ്ണൻ വിജയിയോടൊപ്പം ഫോട്ടോയെടുത്തത്.
കഴിഞ്ഞ വർഷം ‘ജനനായകന്റെ’ സെറ്റിൽ നിന്നും എടുത്ത ഫോട്ടോ ഉണ്ണിക്കണ്ണന് ലഭിച്ചിരുന്നില്ല. ഇതിന്റെ പേരിലും വലിയ സൈബറാക്രമണം ഉണ്ണിക്കണ്ണന് നേരിടേണ്ടി വന്നിരുന്നു.
ഒടുവിൽ നടൻ ചന്തു സലിംകുമാർ, നടിമാരായ കല്യാണ പ്രിയദർശൻ, മമിത ബൈജു എന്നിവർ ഇടപെട്ടാണ് തനിക്ക് ആ ഫോട്ടോ ലഭിച്ചതെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഫോട്ടോ ലഭിക്കാൻ ഇവരെല്ലാം ഏറെ കഷ്ടപ്പെട്ടെന്നും അതിന് നന്ദിയുണ്ടെന്നും ഉണ്ണക്കണ്ണൻ പറഞ്ഞു.
നിമിഷങ്ങൾക്കകം വൈറലായ പോസ്റ്റിന് താഴെ സിനിമാ മേഖലയിൽ നിന്നടക്കം നിരവധിപേർ ആശംസകളും സൗഹൃദ കമന്റുകളുമായി രംഗത്തെത്തി. മമിത ബൈജു, നടന്മാരായ ചന്തു സലീംകുമാർ, മാത്യു തോമസ്, ഗായകൻ ഡബ്സി അടക്കമുള്ളവർ കമന്റുമായി എത്തിയിട്ടുണ്ട്. ചന്തു സലിംകുമാർ ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവെക്കുകയും ചെയ്തു.