സുല്‍ത്താന്‍ ബത്തേരി: കുമഴിയിലെ കാച്ചില് കര്‍ഷകര്‍ പ്രതിസന്ധിയില്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കാച്ചിലാണ് കുമഴിയിലേതേങ്കിലും വിലയിടിവും ഉത്പാദനക്കുറവുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കാച്ചിലാണ് നൂല്‍പ്പുഴയിലെ വനഗ്രാമമായ കുമഴിയിലേത്. തെക്കന്‍ ജില്ലകളായ കൊല്ലം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേക്കാണ് ഇവിടെ നിന്ന് കാച്ചില് കയറിപോകുന്നത്. എന്നാല്‍ ഇത്തവണ മഴയിലുണ്ടായ ഗണ്യമായകുറവ് ഉത്പാദനത്തെ കാര്യമായി ബാധിച്ചു. കൂടാതെ വിളവെടുപ്പ് കാലത്തുണ്ടായിരിക്കുന്ന വിലയിടിവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ കാച്ചില് അറുപതുകിലോ ചാക്കിന് 3000 രൂപവരെ വില ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 2000 രൂപയിലും താഴേക്ക് വിലകുറഞ്ഞു. ഇതോടെ മുടക്കുമുതല്‍പോലും തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഒരു ഏക്കര്‍ കാച്ചില് കൃഷിയിറിക്കാന് കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. മുന്‍പ് കുമഴി ഗ്രാമത്തിലെ പാടങ്ങളില്‍ നെല്‍കൃഷിയായിരുന്നു ചെയ്തുവന്നിരുന്നത്.
നഞ്ചയും പുഞ്ചയുമടക്കം ചെയ്തുവന്നിരുന്ന ഭൂമിയില്‍ കാട്ടാന, മാന്‍, പന്നി അടക്കമുള്ളവയുടെയും ശല്യം രൂക്ഷമായതോടെയാണ് കര്‍ഷകര്‍ പൊതുവേ വന്യമൃഗങ്ങള്‍ നശിപ്പിക്കാത്ത കൃഷിയായ കാച്ചിലിലേക്ക് ചുവട് മാറ്റിയത്. കാച്ചില് വള്ളികളെ ഇലകള്‍ക്ക് കട്ടികൂടുതലും പൊട്ടിച്ചാല്‍ കൊഴുപ്പുമുള്ളതിനാല് കാട്ടാനകളുടെ ശല്യം കുറവാണ്. ഇതേ അവസ്ഥയാണ് മാനടക്കമുള്ള മൃഗങ്ങള്‍ക്കും. അതിനാല്‍തന്നെ വന്യമൃഗശല്യത്തില്‍ നിന്ന് വിളസംരക്ഷിക്കാന് കാവല്കിടക്കേണ്ട അവസ്ഥവരുന്നില്ലയെന്നതും കര്‍ഷകരെ കാച്ചില്കൃഷിയുമായി അടുപ്പിക്കുകയായിരുന്നു.