NRI
ടെക്സസ്: പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന് കാണാതായിട്ട് 25 ദിവസം പിന്നിട്ടു. ഈ മാസം ഒന്നിനാണ് ഇവരെ കാണാതായത്.
ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ നാൻസിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. വീടിന്റെ മുൻവാതിലിന് സമീപം നേരത്തെ രക്തക്കറ കണ്ടെത്തിയിരുന്നു. നാൻസിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം ഒരു മില്യൻ ഡോളർ (ഏകദേശം 8.3 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചു.
അന്വേഷണത്തെ ബാധിക്കാതിരിക്കാൻ നാൻസിയുടെ വീടിന് ചുറ്റുമുള്ള റോഡുകളിൽ പാർക്കിംഗ് നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് 250 ഡോളർ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
വീട്ടിൽ നിന്ന് ലഭിച്ച സമ്മിശ്രമായ ഡിഎൻഎ സാംപിളുകൾ വേർതിരിച്ചെടുക്കുന്നതിൽ ഫ്ലോറിഡയിലെ ലാബിൽ വെല്ലുവിളികൾ നേരിടുന്നതായി ഷെരീഫ് അറിയിച്ചു. ക്രിപ്റ്റോകറൻസി വഴി മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇത് എഫ്ബിഐ പരിശോധിച്ച് വരികയാണ്. നാൻസിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
തൃശൂർ: മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും അനാവശ്യമായി തനിക്കെതിരേ കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും ആരോപിച്ച് ഫേസ്ബുക്കിൽ ‘മരണമൊഴി’ പോസ്റ്റ് ചെയ്ത് സിവിൽ പോലീസ് ഓഫീസർ സി.എം. ജ്യോതിഷ്.
മുഖ്യമന്ത്രിയെയും സർക്കാരിനെയും അധിക്ഷേപിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ തനിക്കെതിരേ മെമ്മോ അയച്ചെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ മരണമൊഴിയായി കണക്കാക്കണമെന്നു വ്യക്തമാക്കിയുമാണ് ഫേസ്ബുക്ക് പോസ്റ്റ്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ സിപിഒ ആയിരുന്ന ഇയാൾ ഇപ്പോൾ ദീർഘകാല അവധിയെടുത്തു വിദേശത്താണ്. മരണമൊഴിയുടെ കോപ്പികൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പക്കൽ ഏല്പിച്ചിട്ടുണ്ടെന്നും കാരണക്കാർ ആരൊക്കെയെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പറയുന്നു.
കണ്ണിലെ കരടുകളാകുന്ന പോലീസുകാരെ ഏതുവിധേനയും മസ്തിഷ്കപ്രക്ഷാളനം നടത്തി അപകടമരണത്തിലേക്കോ ആത്മഹത്യയിലോ പെടുത്തി ഇല്ലായ്മ ചെയ്യുകയാണ് ഓഫീസർ വർഗത്തിന്റെ രീതി, കടുത്ത നിയമലംഘനമാണ് ഉന്നത ഉദ്യോഗസ്ഥരുടെ പക്കൽനിന്നും ഉണ്ടാകുന്നത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണു പോസ്റ്റിൽ ഉന്നയിക്കുന്നത്.
അച്ചടക്കലംഘനം നടത്തി മുഖ്യമന്ത്രിക്കും സർക്കാരിനും പോലീസ് വകുപ്പിനുമെതിരേ തുടർച്ചയായി പോസ്റ്റുകൾ ഇട്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം റൂറൽ പോലീസ് ജ്യോതിഷിനു മെമ്മോ നൽകിയത്. സർക്കാരിന്റെ പ്രതിഛായയ്ക്കു കോട്ടംതട്ടുന്ന വിധത്തിലും പോലീസ് സേനയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന വിധത്തിലും പോസ്റ്റുകളിട്ടെന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ മെമ്മോയിലുള്ളത്.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഇക്കാര്യത്തിൽ റിപ്പോർട്ട് സർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക ലംഘനം അന്വേഷിക്കാൻ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈഎസ്പിയെ റൂറൽ പോലീസ് മേധാവി ചുമതലപ്പെടുത്തി. ഡിവൈഎസ്പിയുടെ റിപ്പോർട്ടിലും അച്ചടക്കലംഘനം സാക്ഷ്യപ്പെടുത്തിയതോടെയാണ് മെമ്മോ നൽകിയത്.
തുടർച്ചയായുള്ള പോസ്റ്റുകളിൽ സ്പെഷൽ ബ്രാഞ്ചിനെയും ഉന്നത ഉദ്യോഗസ്ഥരെയും പേരെടുത്തു വിമർശിച്ചിരുന്നു. വ്യക്തിപരമായ ആരോപണങ്ങളും നിരവധിയുണ്ട്. പോസ്റ്റിനെതിരേ റൂറൽ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്.