തൃശൂർ: ജില്ലയിലെ മലയോരപ്രദേശങ്ങളിലെ ജനവാസമേഖലയിൽ വീണ്ടും ഭീതിപടർത്തി ആനകൾ. പീച്ചിഡാമിന്റെയും കുതിരാന്റെയും പരിസരപ്രദേശങ്ങളിലും പുത്തൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന വെള്ളക്കാരിത്തടം, ആനക്കുഴി, താമരവെള്ളച്ചാൽ, പഴവെള്ളച്ചാൽ, വഞ്ചിക്കുഴി ഭാഗത്തുമെല്ലാം ആന ശല്യം രൂക്ഷമാണ്. ചിലയിടത്ത് പകൽസമയത്തും ആന എത്തുന്നു.
മാസങ്ങൾക്കുമുന്പ് ഒരു ആന കിണറ്റിൽവീണ് ചരിഞ്ഞിരുന്നു. രാമൻചിറ, കൊന്പഴ ഇരുന്പുപാലം എന്നീ പ്രദേശങ്ങളിൽ ആനശല്യം സ്ഥിരമാണ്. ഇവിടങ്ങളിൽ വീട്ടുമുറ്റത്തുവരെ ആനയെത്തും.
കഴിഞ്ഞദിവസം രാത്രി പുത്തൂർ മാന്ദാമംഗലം ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കുന്നുമ്മേൽ ശ്രീനിവാസന്റെ നൂറോളം പൂവൻവാഴകളാണ് ആന ചവിട്ടിനശിപ്പിച്ചത്.
തുടർച്ചയായുള്ള ആനകളുടെ വരവിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. രാത്രി ഉറങ്ങാനാകാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു. നിരവധി വീടുകളുള്ള പ്രദേശത്തു കൃഷിക്കുമാത്രമല്ല ജീവനും ആന ഭീഷണിയാണ്. അടിയന്തരനടപടി ആവശ്യപ്പെട്ട് കർഷകർ ഫോറസ്റ്റ് സ്റ്റേഷനിൽ യോഗം ചേർന്നു.
കൃഷിനാശം സംഭവിച്ചവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാനോ, ആനശല്യം പരിഹരിക്കാനോ നടപടികൾ വേണ്ടവിധം തദ്ദേശവകുപ്പിൽനിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഒരു മാസത്തിനകം ആന ഇറങ്ങുന്ന വഴികളിലും സമീപപ്രദേശങ്ങളിലുമുള്ള കാടുംപടലും ചപ്പുചവറുകളും തൊഴിലുറപ്പുതൊഴിലാളികളെ ഉൾപ്പെടുത്തി വെട്ടി വൃത്തിയാക്കുമെന്ന് നേരത്തേ ജനപ്രതിനിധികളും തദ്ദേശവകുപ്പും ഉറപ്പുനൽകിയിരുന്നു. ആനയ്ക്ക് മറഞ്ഞുനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് കാടുവെട്ടാൻ ധാരണയായത്. എന്നാൽ, ഈ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല.
ഈ വർഷമാദ്യം പീച്ചിയിൽ യുവാവ് ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. കൂടുതൽ അനിഷ്ടസംഭവങ്ങൾക്കുമുന്പ് ആനകളെ തുരത്താനും ജനവാസമേഖലയിലേക്ക് ആനകൾ ഇറങ്ങുന്ന സാഹചര്യം ഇല്ലാതാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.