വാഷിംഗ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറൽ കോടതി.
പിന്നാലെ ട്രംപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് ഫെഡറൽ ജഡ്ജി റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഫീസ് വർധന പ്രഖ്യാപിച്ചത്.
ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി ഫയൽ ചെയ്ത ഹർജിയിലാണ് നിർണായക വിധി.
തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനും വിദേശ തൊഴിലാളികളുടെ വരവ് കുറയ്ക്കാനുമുള്ള ട്രംപിന്റെ നിലപാടുകൾക്ക് വലിയ തിരിച്ചടിയായാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഫെഡറൽ കോടതിയുടെ വിധി ഇന്ത്യക്കാർക്ക് ഉൾപ്പെടെ വലിയ ആശ്വാസമാണ്.