ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ വഴിയൊരുങ്ങുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ട്.
പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ ഭേദഗതിയിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്.
വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കോ സാധാരണക്കാരുടെ ദൈനംദിന യുപിഐ ഉപയോഗങ്ങൾക്കോ ഫീസ് ബാധകമാകില്ല. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തുക ഈടാക്കില്ല.
വർഷത്തിൽ 1.5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വൻകിട വ്യാപാരികൾക്ക് മാത്രമാകും ഈ നിരക്ക് ബാധകം. ₹2,000 രൂപ മുകളിലുള്ള തുകയ്ക്ക് 0.3% മുതൽ 0.5% വരെ ഫീസ് ഈടാക്കാനാണ് നിർദേശം.
പ്രാദേശിക കടകൾ, ചായക്കടകൾ, ചെറിയ റീട്ടെയ്ൽ സ്ഥാപനങ്ങൾ എന്നിവയെ ഈ തീരുമാനം ബാധിക്കില്ല. നിലവിൽ നിയമത്തിൽ വ്യവസ്ഥ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. സർക്കാരിന് ആവശ്യാനുസരണം ഭാവിയിൽ ഇത് നടപ്പിലാക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
സൗജന്യ യുപിഐ സേവനങ്ങൾ നൽകുന്നത് ബാങ്കുകൾക്കും പേയ്മെന്റ് ആപ്പുകൾക്കും സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കാനും സൈബർ സുരക്ഷ മെച്ചപ്പെടുത്താനും വ്യാപാരികളിൽ നിന്ന് ചെറിയൊരു തുക ഫീസായി ഈടാക്കുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ നടക്കുന്ന ആകെ യുപിഐ ഇടപാടുകളിൽ 5 ശതമാനം മാത്രമാണ് ₹2,000 രൂപയ്ക്ക് മുകളിലുള്ളത്. എന്നാൽ, ആകെ തുകയുടെ 65 ശതമാനവും ഇതിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 3% വരെ മർച്ചന്റ് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ, യുപിഐക്ക് വരുന്ന ഈ ചെറിയ മാറ്റം വലിയൊരു വിഭാഗം വ്യാപാരികളും സ്വയം വഹിക്കാനാണ് സാധ്യത.