ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി സൃഷ്ടിച്ച സാന്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മൂന്ന് ‘എഫു’കളിൽ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ഫ്യുവൽ (ഇന്ധനം), ഫെർട്ടിലൈസർ (വളം), ഫോറിൻ എക്സ്ചേഞ്ച് (വിദേശനാണ്യം) എന്നീ മൂന്ന് എഫുകളിൽ ശ്രദ്ധയുണ്ടാകണമെന്നാണ് ധനമന്ത്രിയുടെ ആഹ്വാനം.
പശ്ചിമേഷ്യൻ പ്രതിസന്ധി രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയിൽ ഗുരുതരം ചലനം സൃഷ്ടിക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടു നടത്തിയ ചെലവുചുരുക്കൽ അഭ്യർഥനകൾക്കു സമാനമായാണ് ധനമന്ത്രിയുടെ ആഹ്വാനവും.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയ്ക്കു പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള കഴിവ് ഇപ്പോഴുമുണ്ടെന്നു വ്യക്തമാക്കിയ നിർമല സീതാരാമൻ, എല്ലാം തകരുകയാണെന്ന് അവകാശപ്പെടുന്നവരെ രൂക്ഷമായി വിമർശിച്ചു.
പ്രധാനമന്ത്രിയുടെ ചെലവുചുരുക്കൽ അഭ്യർഥനകൾക്കുശേഷം സംശയകരമായ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്നവർ ശരിയായ പ്രവൃത്തിയല്ല ചെയ്യുന്നതെന്ന് മുംബൈയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവെ നിർമല കുറ്റപ്പെടുത്തി.
ഭീതി പരത്തുന്നത് രാജ്യത്തിനു താങ്ങാനാകില്ല. നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകേണ്ടതുണ്ടെന്നും നിർമല കൂട്ടിച്ചേർത്തു.