അത്താണി: പാചകവാതക വിലവർധനയെത്തുടർന്ന് ഡിമാൻഡ് കൂടിയ വിറകിനും തീവില. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ വിറകും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒരു കെട്ട് വിറകിന് 80, 90 രൂപയുണ്ടായിരുന്നത് ഇപ്പോൾ 130 രൂപയിലധികമായി. വിറകായാലും ഗ്യാസ് ആയാലും അടുക്കളയിൽ തീപുകയണമെങ്കിൽ കീശ കാലിയാകുമെന്ന അവസ്ഥയാണ്.
ഹോട്ടലുകളും കാറ്ററിംഗുകാരും വാങ്ങിത്തുടങ്ങിയതോടെയാണ് വിറകിനു വില വർധിച്ചതും കിട്ടാനില്ലാത്ത അവസ്ഥ വന്നതും. ഇതുമൂലം സാധാരണക്കാരായ വീട്ടുകാരാണ് ബുദ്ധിമുട്ടുന്നത്. നല്ല ചൂടും ദീർഘനേരം കനലും നിലനിൽക്കുന്ന പുളിവിറക് ഒരു ടണ്ണിന് 6500 രൂപയ്ക്കാണ് പല ഹോട്ടലുകളും വാങ്ങുന്നത്.
ലോറികളിൽ വീടുകളിൽ എത്തിച്ചുള്ള വിറകുകച്ചവടം നിലച്ച മട്ടാണ്. കൂടിയ പണം നൽകാൻ തയാറാണെങ്കിലും ആവശ്യത്തിനു വിറകു ലഭിക്കുന്നില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി.
നഗരത്തിലെയടക്കം പല ഹോട്ടലുകളും ഇപ്പോൾ വിറകടുപ്പിലാണു ഭക്ഷണം പാകംചെയ്യുന്നത്. കാറ്ററിംഗുകാരും വിറകടുപ്പിലേക്കു മാറി. ഗ്യാസിനെ മാത്രം ആശ്രയിച്ചിരുന്ന പല വൻകിട ഹോട്ടലുകളും പൂട്ടിയിട്ടിരിക്കുകയാണ്.