കടുത്തുരുത്തി: കടുത്തുരുത്തി, കല്ലറ, മാഞ്ഞൂര്‍ പഞ്ചായത്തുകളിലെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഇവിടുത്തുകാരുടെ ദുരിതങ്ങള്‍ തീരാന്‍ ഇനിയും ദിവസങ്ങള്‍തന്നെ വേണ്ടിവരും.
മൂന്ന് പഞ്ചായത്തുകളിലുമായി 340 ഓളം വീടുകളാണ് വെള്ളപ്പൊക്കത്തിലകപ്പെട്ടത്. ഇതില്‍ പകുതിയിലേറെ വീടുകള്‍ക്കുള്ളിലും വെള്ളം കയറി. പല വീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. കിണറുകളും മറ്റും വെള്ളം മൂടിയതോടെ കുടിക്കാന്‍ പോലും ശുദ്ധജലം ഇല്ലാത്ത അവസ്ഥയാണ്. കടുത്തുരുത്തി പഞ്ചായത്തിലെ എഴുമാന്തുരുത്ത്, പുലിത്തുരുത്ത്, തുരുത്ത്, ആപ്പുഴ, വെള്ളാശേരി, മാന്നാര്‍, മുക്കം, കാന്താരിക്കടവ്, എരുമത്തുരുത്ത്, പത്തുപറ പ്രദശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലായി ഉണ്ടായത്.
മാഞ്ഞൂരില്‍ മാഞ്ഞൂര്‍ സൗത്ത്, മേമ്മുറി, കണ്ടാറ്റുപാടം, വാതപ്പള്ളില്‍, ചാമക്കാല, ചിറപ്പാടം എന്നിവിടങ്ങളിലെ വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കല്ലറ പഞ്ചായത്തിലെ മണിയന്തുരുത്ത്, മുണ്ടാര്‍ പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. പതിനൊന്നാം വാര്‍ഡില്‍പ്പെട്ട പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. വീടിനകത്തുവരെ വെള്ളം നിറഞ്ഞ സ്ഥിതിയാണ്. വളര്‍ത്തുമൃഗങ്ങളും കൃഷിയുമെല്ലാമുള്ളതുകൊണ്ട് പലര്‍ക്കും വീടുകളില്‍നിന്ന് മാറി താമസിക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്.