കല്ലമ്പലം: സൗഹൃദയുടെ പൂപ്പാടങ്ങൾ വർണ്ണം വിതറി, നാട്ടുകാർക്ക് സൗജന്യപ്രവേശനം. കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷനു കീഴിലുള്ള വനിതാ കൂട്ടായ്മയാണ് സ്വകാര്യ പുരിയിടത്തിൽ പുഷ്പ കൃഷി നടത്തിയത്.
ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി സർക്കാർ സഹായത്തോടെയായിരുന്നു കൃഷി. മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ഒൻപതു വനിതകളാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. അവരുടെ കൃഷി രീതി നാടിനു മാതൃകയായി. ഈ വർഷത്തെ മികച്ച കർഷക കൂട്ടായ്മയായി മണമ്പൂർ പഞ്ചായത്ത് കർഷകദിനത്തിൽ ഇവരെ ആദരിക്കുകയും ചെയ്തു.
ബെന്ദി, വാടാമല്ലി എന്നിവയും വെണ്ട, വഴുതന, തക്കാളി, മുളക്, മീറ്റർ പയർ, വെള്ളരി, ചോളം, ചീര എന്നീ പച്ചക്കറികളുമാണ് കൃഷി ചെയ്തുത്. പൊതുജനങ്ങൾക്ക് പൂപ്പാടവും പച്ചക്കറി കൃഷിയും കാണുന്നതിനായി ഞായറാഴ്ച വരെ വൈകുന്നേരം നാലു മുതൽ ആറുവരെ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതര സ്ഥലങ്ങളിലെല്ലാം പൂ കൃഷി കാണുന്നതിന് ടിക്കറ്റു വച്ച് തുകയിടാക്കുന്നുണ്ട്. എന്നാൽ സൗഹൃദ അക്കാര്യത്തിലും ഉദാര മനസ്കരാണ്. പൂന്തോട്ടം സന്ദർശിക്കുവാനും ചിത്രങ്ങൾ പകർത്തുവാനും അവസരമുണ്ട്.