തൃശൂർ: സെന്റ് തോമസ് കോളജ് റോഡിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന് കോളജ് പൂർവവിദ്യാർഥി സംഘടനാ പൊതുയോഗം ആവശ്യപ്പെട്ടു. സെന്റ് തോമസ് കോളജ്, സെന്റ് മേരീസ് കോളജ്, സെക്രഡ് ഹാർട്ട് സ്കൂൾ, മോഡൽ ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്ന ഈ ഭാഗത്ത് അപകടസാധ്യത വളരെ കൂടുതലാണ്. തൃശൂർ-പാലക്കാട് പ്രധാന പാതയായ ഈ റോഡിൽ വാഹനത്തിരക്കും കൂടുതലാണ്. സംസ്ഥാന ബജറ്റിൽ ഈ റോഡിന്റെ വികസനത്തിന് 59 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിനാൽ എത്രയും വേഗം നിർമാണം തുടങ്ങണമെന്ന് സംഘടനാ പൊതുയോഗം കോർപറേഷനോടും സർക്കാരിനോടും ആവശ്യപ്പെട്ടു.
കോളജ് പ്രിൻസിപ്പൽ ഫാ.കെ.എ. മാർട്ടിൻ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഴ്സ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, സി.വി. അജി, പി.ജെ. വർഗീസ്, കെ.പി. രാധാകൃഷ്ണൻ, സോണി ജോസ്, പോൾസണ്‍, ഇ.എ. ജോസഫ്, എന്നിവർ പ്രസംഗിച്ചു.