കാര്‍ഡിഫ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ അണിഞ്ഞു കളത്തിലെത്തിയ കാര്‍ലോസ് ഫോബ്സിന്റെ ഗോളില്‍ പോര്‍ച്ചുഗലിനു ജയം. റൊണാള്‍ഡോ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചശേഷം പോര്‍ച്ചുഗലിന്റെ ആദ്യ ജയമാണ്. യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് എ നാലിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ 3-2നു വെയ്ൽസിനെ കീഴടക്കി. എവേ പോരാട്ടത്തിന്റെ 70-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയമുറപ്പിച്ച ഫോബ്സ് ഗോള്‍.
ബ്രൂണൊ ഫെര്‍ണാണ്ടസിലൂടെ (11-ാം മിനിറ്റ്) ലീഡ് നേടിയ പോര്‍ച്ചുഗലിനെ ഡേവിഡ് ബ്രൂക്സിന്റെ (13-ാം മിനിറ്റ്) ഗോളില്‍ ആതിഥേയര്‍ സമനിലയില്‍ പിടിച്ചു. സോര്‍ബ തോമസ് (40-ാം മിനിറ്റ്) വെയ്ൽസിനു ലീഡ് നല്കി. പെഡ്രൊ നെറ്റൊയിലൂടെ (43-ാം മിനിറ്റ്) പറങ്കിപ്പട ഒപ്പമെത്തി. തുടര്‍ന്നായിരുന്നു കാര്‍ലോസ് ഫോബ്സിന്റെ ഗോൾ.
ഹാലണ്ട് ഡബിള്‍
സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോള്‍ ബലത്തില്‍ നോര്‍വെ 3-2നു ഡെന്മാര്ക്കിനെ കീഴടക്കി. സ്റ്റോപ്പേജ് ടൈമിലെ പെനാല്‍റ്റി ഗോളിലായിരുന്നു നോര്‍വെയുടെ ജയം. 37, 90+6 (പെനാല്‍റ്റി) മിനിറ്റുകളിലാണ് ഹാലണ്ട് വല കുലുക്കിയത്.
പോർച്ചുഗലും നോർവെയും ക്വാർട്ടറിൽ പ്രവേശിച്ചു.