മഞ്ചേരി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആനുകൂല്യത്തിൽ ആശങ്കയിലായി സ്വകാര്യ ബസ് ഉടമകൾ. ജൂണ്‍ 15മുതൽ വനിതകൾക്ക് സൗജന്യയാത്രയെന്ന സർക്കാർ പ്രഖ്യാപനം സ്വകാര്യ ബസ് സർവീസ് മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആശങ്ക.
2010ൽ 34000 ത്തോളം സ്വകാര്യ ബസുകളാണ് സർവീസ് സംസ്ഥാനത്ത് നടത്തിയിരുന്നത്.
എന്നാൽ വിവിധ സർക്കാരുകളുടെ അശാസ്ത്രീയമായ നയങ്ങളും ഇന്ധനവിലയിലുണ്ടായ വർധനവും നികുതിയിലും സ്പെയർപാർട്സ് വിലയിലുമുണ്ടായ കുതിച്ചുകയറ്റവും കാരണം ബസുകളുടെ എണ്ണം കുറയുകയും വ്യവസായത്തിന്റെ നടുവൊടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനമെന്ന് ബസ് ഉടമകൾ പറയുന്നു.
സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിൽ നിൽക്കെ സർക്കാർ തീരുമാനം കടുത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബസ് ഉടകളും തൊഴിലാളികളും.
ഒരു ദിവസം ഓടിക്കിട്ടുന്ന വരുമാനത്തിൽ 60 ശതമാനവും ഇന്ധനത്തിനായി ചെലവഴിക്കുന്ന അവസ്ഥയിൽ, യാത്രക്കാരിൽ നല്ലൊരു പങ്കും സ്ത്രീകളാണെന്നിരിക്കെ ജൂണ്‍ 15 മുതൽ പുതിയ പ്രഖ്യാപനം നിലവിൽ വന്നാൽ ജീവനക്കാർക്ക് കൂലി കൊടുക്കാൻ ബസുടമ സ്വന്തം പോക്കറ്റിൽനിന്നു പണം കണ്ടെത്തേണ്ടി വരുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
പ്രതിപക്ഷ നേതാവായിരിക്കെ തന്നെ ഇക്കാര്യം വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണെന്നും സർക്കാർ തീരുമാനത്തിനെതിരേ പ്രത്യക്ഷ സമരത്തിന് ബസുടമകൾ പ്രഖ്യാപനം നടത്തുന്നില്ലെങ്കിലും സാന്പത്തികപ്രയാസം മൂലം പല ബസുകളും സർവീസ് നിർത്തേണ്ടി വരുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി ഹംസ ഏരിക്കുന്നൻ പറഞ്ഞു.
തീരുമാനം കെഎസ്ആർടിസിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
2016ൽ ആറായിരം ബസുകളുണ്ടായിരുന്ന സ്ഥാ നത്ത് ഇന്ന് നാലായിരത്തിൽ താഴെ ബസുകൾ മാത്രമാണുള്ളത്.കഴിഞ്ഞ സർക്കാർ ജീവനക്കാർക്ക് ശന്പളവും പെൻഷനും നൽകാനായി സംസ്ഥാന ഖജനാവിൽനിന്ന് ചിലവാക്കിയത് 8,619 കോടി രൂപയാണ്. ഒരു ദിവസം സർവീസ് നടത്തുന്ന വകയിൽ ഒരു കെഎസ്ആർടിസി ബസ് സർക്കാരിന് നഷ്ടം വരുത്തുന്നത് 11,806 രൂപയാണെന്നാണ് കണക്കുകൾ.