ന്യൂഡൽഹി: മണിപ്പുർ മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് വംശീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് തെളിയിക്കുന്ന ഫോണ് സംഭാഷണം ഉൾപ്പെട്ട ഓഡിയോ റിക്കാർഡിംഗുകളിൽ (ശബ്ദരേഖ) കൃത്രിമം നടന്നിട്ടുണ്ടെന്ന് നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറി സുപ്രീംകോടതിയിൽ.
ഇക്കാരണത്താൽ ശബ്ദതാരതമത്യം ശാസ്ത്രീയമായി തെളിയിക്കാൻ സാധ്യമല്ലെന്നും പരിശോധനയുടെ കൃത്യമായ കണ്ടെത്തൽ നൽകാൻ സാധിക്കില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് എൻഎഫ്എസ്എൽ ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരുടെ ബെഞ്ചിന് കൈമാറി. പരിശോധനയ്ക്കായി ലബോറട്ടറിയിൽ ലഭിച്ച ഓഡിയോ റിക്കാർഡിംഗുകൾ യഥാർഥ ഉറവിടത്തെ പ്രതിനിധീകരിക്കുന്നതായി തോന്നുന്നില്ലെന്നും ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടുണ്ടാകാം എന്നുമാണ് ലാബിന്റെ കണ്ടെത്തൽ.
മണിപ്പുർ വംശീയ കലാപവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റേത് ആരോപിക്കപ്പെടുന്ന ശബ്ദരേഖയുടെ സ്വതന്ത്ര അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണം എന്ന് ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് എൻഎഫ്എസ്എല്ലിന്റെ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് കക്ഷികൾക്ക് നൽകാൻ നിർദേശിച്ച ബെഞ്ച് ഡിസംബർ എട്ടിന് വിഷയത്തിൽ കൂടുതൽ വാദം കേൾക്കുമെന്നും വ്യക്തമാക്കി.
നേരത്തേ സ്വകാര്യ ലാബിൽ പരിശോധിച്ച ശബ്ദരേഖ 93 ശതമാനവും ശരിയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് വാദിച്ചു. എന്നാൽ, എൻഎഫ്എസ്എൽ മികച്ച ലാബ് ആണെന്നും അവരുടെ റിപ്പോർട്ട് സംശയിക്കാൻ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു.
എന്നാൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലാബ് ആണെന്നും ഒന്നരവർഷം മുന്പ് ശബ്ദരേഖ കൈമാറിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. ചോദ്യം ചെയ്യപ്പെടുന്ന ശബ്ദരേഖ ഏതെങ്കിലും വിധത്തിൽ പരിഷ്കരിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ, തർക്കത്തിലുള്ള ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം സാന്പിളിലെ ശബ്ദവുമായി പൊരുത്തപ്പെടുന്നവയാണോ, എല്ലാ ക്ലിപ്പുകളിലും സംസാരിക്കുന്നത് ഒരേ വ്യക്തി തന്നെയാണോ എന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കുന്നതിനാണ് ശബ്ദരേഖ ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറിയത്.
ആറാഴ്ചയ്ക്കുള്ളിൽ സീൽ ചെയ്ത കവറിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. ഗുവാഹത്തി ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ മുൻ റിപ്പോർട്ടിൽ ശബ്ദം സിംഗിന്റേതാണോ എന്ന് വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.