വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിൽ പന്നക്കാട് പാലത്തിന്റെ അപ്രോച്ച് റോഡിൽ ജല അഥോറിറ്റി പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ഇതുവരെ മൂടിയില്ല. ദേശീയപാത ചെറിയപ്പിള്ളിയിൽ നിന്നു പോകുമ്പോൾ പന്നക്കാട് പാലം ഇറങ്ങിയതിനു ശേഷമുള്ള അപ്രോച്ച് റോഡാണു കുടിവെള്ള പൈപ്പ് പൊട്ടിയതോടെ കുത്തിപ്പൊളിച്ചത്.
ശുദ്ധജലവിതരണ കുഴലിലെ ചോർച്ചയടച്ചെങ്കിലും കുഴി കൃത്യമായി മുടിയില്ല. ഇതോടെ ഇതുവഴി പോകുന്ന വാഹന യാത്രികർ ദുരിതത്തിലായി. അറ്റകുറ്റപ്പണി നടത്തിയ ഭാഗം മൂടാതെ കുഴിക്കു ചുറ്റും ട്രാഫിക് കോൺ പൈപ്പും റിബണും കെട്ടിവച്ചിരിക്കുകയാണ്.
അപ്രോച്ച് റോഡിന്റെ നടുക്കായാണ് കുഴി. രാത്രിസമയത്തു മതിയായ വെളിച്ചമില്ലാത്ത പാലത്തിലൂടെ ഇറങ്ങിവരുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു. കഴിഞ്ഞദിവസവും ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെട്ടു.