തിരുവനന്തപുരം: പാർട്ടി വിട്ടു ബിജെപിയിൽ ചേക്കേറിയവർ കോണ്‍ഗ്രസിന് അധികാരം ലഭിച്ചശേഷം പദവികൾ മുന്നിൽ കണ്ട് കൂട്ടത്തോടെ തിരിച്ചു വരുന്നതിൽ കോണ്‍ഗ്രസിൽ വ്യാപക അതൃപ്തി.
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ തുടങ്ങിവച്ച ബിജെപിയിൽ നിന്നുള്ള മടങ്ങി വരവ് ഇന്നലെ പത്മിനി തോമസ് മടങ്ങിയെത്തിയിരുന്നു. കോണ്‍ഗ്രസ് വിട്ടു ബിജെപിയുടെ ഭാഗമായ നിരവധി നേതാക്കളാണ് മുതിർന്ന കോണ്‍ഗ്രസ് ഉന്നതരുമായി ചർച്ച നടത്തി വരുന്നത്. വരും ദിവസങ്ങളിൽ ബിജെപിയിൽ നിന്ന് ഒട്ടേറെപ്പേർ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിലെ ചില നേതാക്കൾ നൽകുന്ന സൂചന.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചൊവ്വാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തുന്പോൾ പത്മജ വേണുഗോപാൽ അദ്ദേഹത്തെ കാണും. മുഖ്യമന്ത്രിയേയും അന്നു കണ്ടു ചർച്ച നടത്തിയേക്കും. കെപിസിസി കേന്ദ്രമാക്കി പ്രവർത്തിക്കാനാണ് പത്മജ വേണുഗോപാലിന്റെ ശ്രമം. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും കൂടിയാലോചിച്ച ശേഷമാകും മടങ്ങിയെത്തുന്നവരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
അതേസമയം, കോണ്‍ഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്കും യുവജന- വിദ്യാർഥി നേതാക്കൾക്കും ഇപ്പോഴത്തെ നടപടിയിൽ അതൃപ്തിയുണ്ട്. എതിർപ്പു പരസ്യമാക്കി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്ത് എത്തിയിരുന്നു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ രണ്ടു കാര്യങ്ങളിൽ പത്മജ വേണുഗോപാൽ പരസ്യമായി മാപ്പു പറയണമെന്ന ആവശ്യമാണ് ഉയർത്തിയത്. എന്നാൽ, ലീഡർ കെ. കരുണാകരന്റെ മകൾ എന്ന നിലയിലാണ് പല മുതിർന്ന നേതാക്കളും പരസ്യമായി അഭിപ്രായം പറയാൻ മടിച്ചു നിൽക്കുന്നത്.
കോണ്‍ഗ്രസ് പാർട്ടിയുടെ മോശം അവസ്ഥയിലാണ് പാർട്ടിയുടെ അസ്തിത്വമായ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചു കൊണ്ട് പദ്മജ വേണുഗോപാൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.