തിരുവനന്തപുരം: കണ്ണൂർ ദന്തൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്നു കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിദ്യാർഥിയുടെ മരണത്തിനു പിന്നിൽ ജാതി- വർണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സർക്കാർ ഗൗരവമായി കാണണം.
സംഭവത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി കൈക്കൊള്ളണം. രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്ത് വിഷയം അവസാനിപ്പിക്കരുത്. മകൻ കടുത്ത ജാതി വിവേചനത്തിന് ഇരയായെന്നു മാതാപിതാക്കൾ പറയുന്നു. ജാതിയേയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാഗിംഗിനും നിതിൻ വിധേയനായെന്നാണ് അറിയുന്നത്.
നവോത്ഥാന കേരളമെന്ന് മേനി നടിക്കുന്പോഴും നമ്മുടെ കലാലയങ്ങളിലടക്കം ജാതി വിവേചനം നിലനിൽക്കുന്നുവെന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ 10 വർഷത്തെ സിപിഎം ഭരണത്തിനിടയിൽ പട്ടികജാതി വിഭാഗത്തിന് എതിരേയുള്ള ആക്രമണം വൻ തോതിൽ വർധിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.