മഞ്ചേരി : നറുകര ചിറക്കൽ അത്തിക്കോടിലെ കമുകിൻ തോട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നറുകര അടങ്ങുംപുറം കോളനിയിൽ വേലായുധൻ -യശോദ ദന്പതിമാരുടെ മകൻ നിഷാന്ത് (40) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.
അടയ്ക്ക പറിക്കുന്നതിനിടെ വീണതാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹത്തിനരികെ ചെരുപ്പ്, മുണ്ട്, ഷർട്ട്, മൊബൈൽ ഫോണ്, ചാക്കിൽ നിറച്ച അടയ്ക്ക എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുന്പ് ഹൈദരാബാദിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു നിഷാന്ത്. അതിനാൽ നിഷാന്തിനെ കാണാത്തതിൽ വീട്ടുകാർ അന്വേഷണം നടത്തിയിരുന്നില്ല.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങൾ : നിജേഷ്, റിഷ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.