ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി കുട്ടിക്കർഷകർ രംഗത്ത്. ഭൂമിക്കു തണലേകാനും അതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും സന്ദേശവും പകരാനായി വീട്ടിലെ പരിമിതമായ സ്ഥലത്ത് ഫലവൃക്ഷത്തോട്ടം നിർമിച്ച് മാതൃക തീർത്താണ് കുട്ടിക്കർഷകരും സഹോദരിമാരുമായ ഫരീദയും ഫാദിയയും ശ്രദ്ധനേടുന്നത്.
വൃക്ഷത്തൈകൾ നട്ടു പരിപാലിച്ച് ആഗോള താപനത്തിന്റെ കെടുതിയിൽനിന്നു മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും തങ്ങളെക്കൊണ്ടാവുംവിധം തണൽ തീർക്കുക എന്ന ലക്ഷ്യവും കുരുന്നു മനസിലുണ്ട്. നിലവിൽ ഓറഞ്ച്, സ്റ്റാർ ഫ്രൂട്ട്, അവിക്കാഡോ, മൾബറി, മാംഗോസ്റ്റിൻ, തായ്ലൻഡ് ഓൾ സീസൺ മാംഗോ, റമ്പൂട്ടാൻ, മാദളം, പേര, മിറാക്കിൾ ഫ്രൂട്ട്, വിയറ്റ്നാം ഏർളി പ്ലാവ്, സപ്പോട്ട, അമ്പഴങ്ങ, ഗ്ലൂവിക്ക, നെല്ലി, പൈനാപ്പിൾ, മുന്തിരി, പാഷൻ ഫ്രൂട്ട്, സീതപഴം, ദൂരിയാൻ, ലിച്ചി, ഞാവൽ, ബുഷ് ഓറഞ്ച്, പീനട്ട് ബട്ടർ, മിറാക്കിൾ ഫ്രൂട്ട്, കിളിഞാവൽ, വിവിധതരം ചാമ്പകൾ, നേന്ത്രപ്പഴം, റോബസ്റ്റാ, ചെങ്കദളി അടക്കമുള്ള ഫലവൃക്ഷത്തൈകളാണ് കുട്ടിക്കർഷകരായ ഫരീദയും ഫാദിയയും അവരുടെ വീട്ടുമുറ്റത്തെ തോട്ടത്തിൽ നട്ടുവളർത്തിയിരിക്കുന്നത്.
അത്തരത്തിൽ തങ്ങളുടെ വീടിന്റെ മുൻവശത്തും പിറകിലുമായുള്ള പരിമിതമായ സ്ഥലമാകെ ഫലവൃക്ഷത്തൈകൾകൊണ്ട് നിറച്ചിരിക്കുകയാണ് ഈ മാതൃകാ സഹോദരിമാർ. മാത്രമല്ല, വരുംദിവസങ്ങളിൽ ആപ്പിൾ, സബർജിൽ, സ്ട്രോബറി, പിയർ, പ്ലംസ് അടക്കമുള്ള ഫലവൃക്ഷത്തൈകളും തങ്ങളുടെ തോട്ടത്തിലെ പുതിയ അതിഥികളായി കൊണ്ടുവരാനുള്ള പരിശ്രമവും ഇതിനോടകം ഈ കുട്ടിക്കുരുന്നുകൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി, വീടിന്റെ മട്ടുപ്പാൽ 500ഓളം ചട്ടികളിലായി ജൈവകൃഷി ചെയ്ത് തങ്ങളുടെ സമപ്രായക്കാർക്കിടയിലും മുതിർന്നവർക്കിടയിലും മാതൃകയും വിസ്മയവും തീർത്തുവരുന്ന പ്രകൃതി സ്നേഹികളായ ഈ കുട്ടി കർഷകർക്കു ലോക മലയാളി ഫെഡറേഷൻ ഏർപ്പെടുത്തിയ പ്രഥമ കുട്ടിക്കർഷക പുരസ്കാരം, സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള പുരസ്കാരം, റോട്ടറി ക്ലബ് ആലപ്പി ഗ്രേറ്ററിന്റെ ലിറ്റിൽ ഗ്രീൻ ഹാൻഡ്സ് പുരസ്കാരം, ജെസിഐ വേമ്പനാട് ലേക്ക് സിറ്റിയുടെ പുരസ്കാരം, അപൂർവ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ കുട്ടിക്കർഷക പുരസ്കാരം, മഹിള ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച കുട്ടിക്കർഷകർക്കുള്ള പുരസ്കാരം, കേരള സാബർമതി സാംസ്കാരിക വേദിയുടെ പ്രഥമ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും ഇതിനടകം തേടിയെടുത്തിട്ടുണ്ട്.
കൂടാതെ, വിവിധ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാർ, കൃഷി ഓഫീസർമാർ എന്നിവർ കുട്ടിക്കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ചതും അവർക്കു പ്രോത്സാഹനമായി. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഫരീദ ഫിറോസ്.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് അനുജത്തി ഫാദിയ ഫിറോസ്. പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകനും ജൈവകൃഷി പ്രചാരകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദും എൻ. നാസിലയുമാണ് മാതാപിതാക്കൾ. യുകെജി വിദ്യാർഥി ഫാദിൽ മുഹമദ് ഫിറോസാണ് അനുജൻ.
Tags : nattu vishesham sisters built garden