നെയ്തൽ ഡി. അൻസേര നിർമൽ ഡി. അൻസേര
ആലപ്പുഴ: ഇന്നലെ ലോകം അന്താരാഷ്ട്ര ചെസ് ദിനം ആചരിച്ചു. 1924 ജുലൈ 20ന് ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ (ഫിഡെ) സ്ഥാപിതമായതിന്റെ ഓർമപ്പെടുത്തലായാണ് 1966 മുതൽ യുനെസ്കോയുടെ നിർദേശപ്രകാരം ഈ ദിവസം അന്താരാഷ്ട്ര ചെസ് ദിനമായി ആചരിക്കുന്നത്. ഏകാഗ്രതയും ക്ഷമയും തന്ത്രങ്ങളും കാണിക്കേണ്ട ചെസ് ബോർഡിൽ തങ്ങളുടെ ബുദ്ധിശരങ്ങൾ തൊടുത്തുവിട്ട് വിസ്മയം തീർക്കുകയാണ് ആലപ്പുഴയിൽനിന്നുള്ള രണ്ട് സഹോദരങ്ങൾ, നെയ്തൽ ഡി. അൻസേരയും നിർമൽ ഡി. അൻസേരയും. ആലപ്പുഴ പൂന്തോപ്പ് സ്വദേശികളായ ധീരേഷ് അൻസേരയുടെയും സിമിമോൾ അൻസേരയുടെയും മക്കളായ നെയ്തലും നിർമലും ചെറുപ്രായത്തിൽ തന്നെ ചെസ് ലോകത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്.
കേരള സംസ്ഥാന ചാമ്പ്യനായ നെയ്തൽ ഡി. അൻസേര ഇതിനകം തന്നെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടി. അണ്ടർ-9 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ നെയ്തൽ, ഈ വർഷം റാഞ്ചിയിൽ നടന്ന ദേശീയ ചെസ് ചാമ്പ്യൻഷിപ്പിലും മികവ് പുലർത്തി. കൂടാതെ, ഒക്ടോബറിൽ റഷ്യയിൽ നടക്കുന്ന ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. നെയ്തലിന് മികച്ച പിന്തുണയുമായി സഹോദരൻ നിർമൽ ഡി. അൻസേരയും തൊട്ടുപിന്നാലെയുണ്ട്. ആലപ്പുഴ ജില്ലാ ചെസ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ നിർമൽ, ചെസ് കോർട്ടിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള ഒരുക്കത്തിലാണ്.
വിജയങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും ഈ കുടുംബത്തെ അലട്ടുന്നത് സാമ്പത്തിക പരാധീനതകളാണ്. വിദേശത്ത് നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള വലിയ ചെലവുകൾ ഈ സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. എങ്കിലും, മക്കളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ പ്രതിസന്ധികൾ വഴി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇവരുടെ മാതാപിതാക്കൾ. നെയ്തലിന് റഷ്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആവശ്യമായ സ്പോൺസർഷിപ്പോ സർക്കാർ സഹായമോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്. ആലപ്പുഴ പ്രൈം ചെസ് അകാഡമിയിലെ ബിബി സെബാസ്റ്റ്യനും തൃശൂർ അക്ഷര ചെസ് അക്കാഡമിയിലെ വിഷ്ണുദത്തുമാണ് പരിശീലകർ. തുമ്പോളി മാതാ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.