മുഹമ്മ: ആലപ്പുഴയുടെ ടൂറിസം വികസനത്തിൽ തിലകക്കുറിയാകേണ്ട പാതിരാമണൽ ദ്വീപിന്റെ നിലനിൽപ്പിന് കനത്ത ഭീഷണിയായി മണലെടുപ്പ് തുടരുന്നു. ദേശീയപാതയുടെ നിർമാണാവശ്യത്തിനായി കായലിൽ നടക്കുന്ന മണൽ ഖനനം ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. പാതിരാമണൽ ദ്വീപിന്റെ വിളിപ്പാട് അകലെയുള്ള കുളക്കോഴിച്ചിറയ്ക്കു സമീപമാണ് മണൽ ഖനനം തകൃതിയായി മുന്നേറുന്നത്.
ദ്വീപിന്റെ മുഖ്യ പ്രവേശനകവാടമായ കായിപ്പുറം ബോട്ട്ജെട്ടിക്ക് സമീപത്തേക്ക് ഖനനം നീട്ടുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരേ മത്സ്യത്തൊഴിലാളികൾ കായലിൽ കുറ്റികൾ നാട്ടി പ്രതിഷേധിച്ചിട്ടുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കേദാരമെന്ന് പാതിരാമണലിനെ വിശേഷിപ്പിക്കുന്നവരും ദ്വീപ് വികസനത്തിനായി മുറവിളി കൂട്ടുന്ന രാഷ്ട്രീയ നേതൃത്വങ്ങളും മണൽ ഖനനത്തിനെതിരേ മൗനം പാലിക്കുന്നത് ദുരൂഹമെന്നാണ് നാട്ടുകാരുടെ പക്ഷം. ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കി പാതിരാമണൽ ദ്വീപിനെ മാറ്റുന്നതിനായി ആവിഷ്കരിച്ച ഇക്കോ ടൂറിസം പദ്ധതിയുടെയും റോപ്പ് വേയുടെയും സർവേ നടപടികൾ ആരംഭിച്ച വേളയിലാണ് വികസന പ്രവർത്തനങ്ങൾക്ക് കനത്ത ഭീഷണിയാകും വിധം ഖനനം നടക്കുന്നത്.
കായലിൽനിന്ന് ശേഖരിക്കുന്ന മണൽ രാത്രികാലങ്ങളിലാണ് ടോറസുകളിൽ കൊണ്ടുപോകുന്നത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ ടോറസുകൾ സഞ്ചരിക്കുന്നത് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. ചെളി കലർന്ന മണൽ റോഡിൽ വിതറിയാണ് ടോറസുകൾ പായുന്നത്. വാഹന യാത്രക്കാരുടെ മുഖത്തും മണൽ തെറിച്ചു വീഴും. സാമ്പത്തിക ഉന്നമനത്തിനൊപ്പം തൊഴിൽ സാധ്യതകളുടെ വലിയ വാതായനങ്ങൾകൂടി നാടിന് സമ്മാനിക്കുന്ന പദ്ധതിയാണ് പാതിരാമണൽ വികസനമെങ്കിലും ബന്ധപ്പെട്ടവർ ഉറക്കം നടിക്കുകയാണ്.
മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ആവിഷ്കരിച്ച വികസന പദ്ധതികളും താളം തെറ്റുകയാണ്.
കലാപരിപാടികൾ അവതരിപ്പിക്കാൻ ദ്വീപിൽ നിർമിച്ച ആംഫി തിയറ്ററും കുട്ടികളുടെ പാർക്കും സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്നില്ല. ദിവസേന ആംഫി തിയറ്ററിൽ കലാപരിപാടികൾ ഉണ്ടാകുമെന്ന വാഗ്ദാനം ജലരേഖയായി. കുട്ടികളുടെ പാർക്കിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിനും നടപടിയില്ല.