ജനപ്രിയ എഐ റിസർച്ച് അസിസ്റ്റന്റായ നോട്ട്ബുക്ക് എൽഎമ്മിന്റെ പേര് 'ജെമിനി നോട്ട്ബുക്ക്' എന്ന് മാറ്റി ഗൂഗിൾ. തങ്ങളുടെ എഐ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. പേരും ലോഗോയും മാറുന്നു എന്നതൊഴിച്ചാൽ ഉപയോക്താക്കളുടെ നിലവിലുള്ള നോട്ട്ബുക്കുകൾ, സേവ് ചെയ്ത വിവരങ്ങൾ, മറ്റ് ഫീച്ചറുകൾ എന്നിവയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും പ്രോജക്റ്റുകൾ സുരക്ഷിതമായിരിക്കുമെന്നും ഗൂഗിൾ അറിയിച്ചു.
2023ലെ ഗൂഗിൾ ഐഓ സമ്മേളനത്തിൽ 'പ്രോജക്റ്റ് ടെയിൽവിൻഡ്' എന്ന പേരിൽ അവതരിപ്പിച്ച ഈ ഫീച്ചറിന് നിലവിൽ ലോകമെമ്പാടുമായി മൂന്ന് കോടിയിലധികം ഉപയോക്താക്കളുണ്ട്. ഇനിമുതൽ പ്രാദേശിക ഉപകരണങ്ങളെ ആശ്രയിക്കാതെ തന്നെ എഐക്ക് കോഡുകൾ എഴുതാനും പ്രവർത്തിപ്പിക്കാനും, ഡാറ്റാസെറ്റുകൾ വിശകലനം ചെയ്യാനും, സങ്കീർണമായ കണക്കുകൂട്ടലുകൾ നടത്താനും സാധിക്കും.
മുൻപ് ഗൂഗിൾ എഐ അൾട്രാ വരിസംഖ്യാക്കാർക്കും ഗൂഗിൾ വർക്ക്സ്പേസ് ബിസിനസ് ഉപയോക്താക്കൾക്കും മാത്രം ലഭ്യമായിരുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സേവനം വരും ആഴ്ചകളിൽ ഗൂഗിൾ എഐ പ്രോ വരിസംഖ്യാക്കാർക്കും ലഭ്യമാക്കും. ഗൂഗിൾ സെർച്ചിലെ എഐ മോഡിലേക്ക് ജെമിനി നോട്ട്ബുക്ക് നേരിട്ട് സംയോജിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.
ഇതുവഴി വെബ് സെർച്ച് നടത്തുമ്പോൾ തന്നെ ഗവേഷണങ്ങൾ നടത്താനും വിവരങ്ങൾ തയാറാക്കാനും സാധിക്കും. ജനറേറ്റീവ് എഐ രംഗത്ത് മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് ഗൂഗിൾ തങ്ങളുടെ എഐ ഉത്പ്പന്നങ്ങളെല്ലാം 'ജെമിനി' എന്ന ബ്രാൻഡിന് കീഴിലേക്ക് മാറ്റുന്നത്.