പാരീസ് ഫാഷൻ വീക്കിൽ ലോറിയൽ പാരീസിന്റെ ലീഡ് അംബാസിഡറായി വീണ്ടും കളം നിറഞ്ഞ് ഐശ്വര്യ റായ്. കറുത്ത കോർസെറ്റ് വെൽവെറ്റ് ഗൗണിൽ റോയൽ ലുക്കിലെത്തിയ താരത്തിന്റെ കാറ്റ്വാക്കും ശൈലിയും ലോകവേദിയുടെ ശ്രദ്ധ പിടിച്ചുപറ്റി. സിറിയൻ ബ്രാൻഡായ യാര ഷൂമേക്കർ ഡിസൈൻ ചെയ്ത വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് താരം വേദിയിലെത്തിയത്.
എന്നാൽ ഫാഷൻ ഷോയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ ഐശ്വര്യയ്ക്കെതിരെ കടുത്ത ബോഡി ഷെയ്മിംഗ് വിമർശനങ്ങളും ഉയർന്നു.
ശരീരഭാരം നിയന്ത്രിക്കുന്നില്ലെന്നും, സൗന്ദര്യം നിലനിർത്താൻ ശ്രമിക്കുന്നില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപങ്ങൾ. പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാതെ മറ്റു നടിമാരെ കണ്ടുപഠിക്കണമെന്നും മോശം കമന്റുകൾ ഉയർന്നു.
നടി, ശിൽപ്പ ഷെട്ടിയെ കണ്ടുപഠിക്കണമെന്നും വിമർശകർ പറയുന്നു. ഐശ്വര്യ സ്റ്റൈലിസ്റ്റിനെ മാറ്റണമെന്നും മുൻ വർഷങ്ങളിലെ ഫാഷൻ വീക്കിനേതിന് സമാനമായാണ് ഇത്തവണയും സ്റ്റൈൽ ചെയ്തിരിക്കുന്നത് എന്നും വിമർശനമുണ്ട്. ഇത്തരം കവർ അപ് ഗൗണുകൾ ശരീരഭാരം മറയ്ക്കാനാണ് ഐശ്വര്യ തിരഞ്ഞെടുക്കുന്നതെന്നും അവർ ആരോപിക്കുന്നു.
അതേസമയം, ഇത്തരം നെഗറ്റീവ് കമന്റുകൾക്കെതിരെ വലിയൊരു വിഭാഗം ആരാധകർ ശക്തമായ പിന്തുണയുമായി രംഗത്തെത്തി. അൻപത് കഴിഞ്ഞ ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെ വിമർശിക്കുന്നത് തെറ്റാണെന്നും, ശരീരം എങ്ങനെ സൂക്ഷിക്കണം എന്നത് പൂർണ്ണമായും ഐശ്വര്യയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ആരാധകർ വ്യക്തമാക്കി. ആഗോള വേദികളിൽ ഇന്ത്യയുടെ അഭിമാനമായ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയെത്തിയത്.