മുംബൈ: ബലാത്സംഗശ്രമം തടഞ്ഞ യുവതിയെയും ആൺസുഹൃത്തിനെയും ആൾദൈവം കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ ആൾദൈവം യോഗേഷ് എന്നറിയപ്പെടുന്ന ഭയ്യ ബാപ്പു ഖൈർനാർ (33) ആണ് ഇരട്ട കൊലപാതകം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
ജയ്താനെ ഗ്രാമത്തിൽ ആശ്രമം നടത്തിവരികയാണ് യോഗേഷ്. ഇയാളുടെ ആശ്രമത്തിൽവച്ചാണ് യുവതിയും ആൺസുഹൃത്തും കൊല്ലപ്പെട്ടത്.
യുവതിയും ആൺസുഹൃത്തും മേയ് 16ന് ആശ്രമത്തിലെത്തിയിരുന്നു. ശനി അമാവാസി പൂജകൾക്കായാണ് ഇരുവരും ആശ്രമത്തിലെത്തിയത്. കുടുംബപ്രശ്നങ്ങളും ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യുവതിയെ അലട്ടിയിരുന്നു.
പൂജ പൂർത്തിയായ ശേഷം യുവതിയെ മോട്ടോർസൈക്കിളിൽ വീട്ടിലെത്തിക്കാമെന്ന് ആൾദൈവം വാഗ്ദാനം ചെയ്തു. യുവതി ഇതു സമ്മതിച്ചു. ആൺസുഹൃത്ത് ആശ്രമത്തിൽ തുടർന്നു.
വീട്ടിലേക്കു ബൈക്കിൽ പോകവേ വനമേഖലയിലെത്തിയപ്പോൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ആൾദൈവം ശ്രമിച്ചു. യുവതി ഇതു ചെറുക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.
തുടർന്ന് യുവതിയുടെ വസ്ത്രംകൊണ്ട് യോഗേഷ് കഴുത്തുഞെരിച്ച് കൊന്നു. അതിനുശേഷം ആശ്രമത്തിലെത്തിയ യോഗേഷ് ഇരുന്പുവടികൊണ്ട് യുവതിയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കാളവണ്ടിയിൽ കയറ്റി മലയടിവാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.