ന്യൂഡൽഹി: ബലാത്സംഗക്കേസിലും കൊലപാതകക്കേസിലുമായി 2017 മുതൽ തടവുശിക്ഷ അനുഭവിച്ചുവരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗ് പരോൾ ലഭിച്ചതിനെത്തുടർന്ന് വീണ്ടും പുറത്തിറങ്ങി.
ഇന്നലെയാണ് ഹരിയാനയിലെ റോഹ്തക്കിലുള്ള സുനാരിയ ജയിലിൽനിന്ന് ഗുർമീത് പുറത്തിറങ്ങിയത്. 40 ദിവസത്തെ പരോൾ ലഭിച്ചതോടെ എട്ടു വർഷത്തിനിടെ 15 തവണയായി 405 ദിവസമാണ് ഗുർമീത് ജയിലിനുപുറത്ത് കഴിയുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ തടവും മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷയും അനുഭവിച്ചുവരുന്ന ഗുർമീത് റാം റഹീംസിംഗിന് കഴിഞ്ഞ വർഷം ഓഗസ്റ്റിലും 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു.
"ദേര സച്ച സൗധ’ എന്ന സാമൂഹിക-ആത്മീയ സംഘടനയുടെ തലവനായ ഗുർമീത് സംഘടനയുടെ രണ്ടാം തലവനായിരുന്ന ഷാ സത്നാം സിംഗിന്റെ ജന്മവാർഷികം പ്രമാണിച്ചാണ് ഇത്തവണ ജയിലിനു പുറത്തെത്തിയത്. കഴിഞ്ഞവർഷം ഏപ്രിലിൽ നല്ലനടപ്പിനു നൽകുന്ന അവധിയായ 21 ദിവസത്തെ ഫർലോയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരിയിൽ 30 ദിവസത്തെ പരോളും ഗുർമീതിന് ലഭിച്ചിരുന്നു.
ഗുർമീതിനെ ജയിലിനു പുറത്തെത്തിക്കുന്ന നീണ്ട പരോളുകൾക്കെതിരേ സിക്ക് സംഘടനകളുൾപ്പെടെയുള്ളവർ വ്യാപക വിമർശനമുയർത്തുന്നതിനിടയിലാണ് വീണ്ടും പരോൾ ലഭിച്ചത്.
അതിനിടെ, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി നടത്തിയ വാർത്താസമ്മേളനത്തിൽ ഗുർമീതിന് പരോൾ ലഭിച്ചതു സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ അതു കോടതിയുടെ ജോലിയാണെന്നു പ്രതികരിച്ച് അദ്ദേഹം തിടുക്കപ്പെട്ട് വാർത്താസമ്മേളനം അവസാനിപ്പിച്ചു.
Tags : Rape convict Gurmeet Ram Rahim Singh jail godman Self proclaimed