ഒളശ: ട്രെയിൻ യാത്രയ് ക്കിടെ കളഞ്ഞുകിട്ടിയ സ്വർണമാല ആർപിഎഫ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ഒളശ സ്വദേശിനിയുടെ മാതൃക.
പന്നിമറ്റം സ്വദേശിനിയും അധ്യാപികയുമായ ജയശ്രീയുടെ നഷ്ടപ്പെട്ട മാലയാണ് കോട്ടയത്ത് സഖി ഇൻഷ്വറൻസ് സൊലൂഷൻ സ്ഥാപനം നടത്തുന്ന ഒളശ കോയിമഠത്ത് സുബിന്റെ ഭാര്യ പി.ബി അഖിക്ക് ലഭിച്ചത്.
ബുധനാഴ്ച പുലർച്ചെ കണ്ണൂരിൽനിന്ന് കോട്ടയത്തേക്ക് മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അധ്യാപികയായ ജയശ്രീയുടെ മാല നഷ്ടപ്പെട്ടത്. തുടർന്ന് കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഇതേ ട്രെയിനിൽ യാത്ര ചെയ്ത അഖിയുടെ സീറ്റിനടിയിൽ നിന്നാണ് മാല ലഭിക്കുന്നത്.
നേരത്തേ യാത്ര ചെയ്ത ഒരു യാത്രക്കാരിയുടെ മാല നഷ്ടപ്പെട്ട വിവരം ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ വഴി അഖി അറിഞ്ഞിരുന്നു. മാല ലഭിച്ച ഉടൻതന്നെ അഖി വിവരം ആർപിഎഫ് ഉദ്യോഗസ്ഥരെ അറിയിക്കുകയും മാല അവരെ ഏൽപ്പിക്കുകയും ചെയ്തു.
ഉച്ചയോടെ സ്റ്റേഷനിലെത്തിയ ജയശ്രീ ഉദ്യോഗസ്ഥരിൽനിന്നും മാല ഏറ്റുവാങ്ങി. അഖിയെ ജയശ്രീ ഫോണിൽ വിളിച്ച് നേരിട്ട് നന്ദി അറിയിച്ചു.