സ്വർണമാല ഉടമസ്ഥന് തിരികെ നൽകുന്നു.
കല്ലൂർക്കാട്: വീട്ടുമുറ്റത്ത് വീണുകിട്ടിയ ഒന്നര പവൻ സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത് എൽകെജി വിദ്യാർഥികൾ. നാകപ്പുഴ തോണിക്കുഴി തട്ടാംപറമ്പിൽ അഭിമന്യു–ആഷലി ദമ്പതികളുടെ മക്കളായ ആരഫിക്കും അരുന്ധതിക്കുമാണ് കളിക്കുന്നതിനിടെ സ്വർണമാല കിട്ടിയത്.
വീട്ടിൽ ആരുടേതുമല്ലെന്ന് അറിയാമായിരുന്ന കുട്ടികൾ മാല ഉടൻ തന്നെ മാതാപിതാക്കളെ ഏൽപിച്ചു. സ്വർണമാണെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ മാല കല്ലൂർക്കാട് പൊലിസിൽ ഏൽപ്പിച്ചു. കല്ലൂർക്കാട് പൊലിസ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത തൃക്കാക്കര കുന്നേൽ സന്തോഷിന്റെ മാലയാണിതെന്ന് ഇതിനിടെ തിരിച്ചറിഞ്ഞു. മെഷീൻ ഉപയോഗിച്ച് കാടുവെട്ടി ഉപജീവനം നടത്തുന്നയാളാണ് സന്തോഷ്. കല്ലൂർക്കാട് എസ്ഐ എസ്. കണ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ്, വൈസ് പ്രസിഡന്റ് ജെറിഷ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ സ്വർണമാല സന്തോഷിന് കൈമാറി.