തിരുവനന്തപുരം: തന്റെ ഉടമസ്ഥതയിലുള്ള ഉമാ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണത്തിനു തുടക്കം കുറിച്ചത് ടി.പി. മാധവൻ പാടി അഭിനയിച്ച, "ധീര സമീരേ യമുനാ തീരെ' എന്ന സിനിമയിലെ ഒരു രംഗത്തോടെ ആയിരുന്നുവെന്ന് പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ മധു. ടി.പി. മാധവന്റെ പേരിലുള്ള പുരസ്കാരം വളരെയേറെ അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്നും മലയാളത്തിന്റെ പ്രിയ താരം പറഞ്ഞു.
നടനും ചലച്ചിത്ര താര സംഘടനയായ "അമ്മ'യുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ അംഗവും ആയിരുന്ന ടി.പി. മാധവന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു ഗാന്ധിഭവൻ ഏർപ്പെടുത്തിയ "ഗാന്ധിഭവൻ - ടി.പി. മാധവൻ നാഷണൽ അവാർഡ്' ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണമൂലയിലെ മധുവിന്റെ വസതിയായ "ശിവഭവനി'ൽ ആയിരുന്നു ചടങ്ങ്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിദാ കമാൽ, മാനേജിംഗ് ഡയറക്ടർ ബി. ശശികുമാർ, സിഇഒ വിൻസന്റ് ഡാനിയേൽ എന്നിവർ ചേർന്ന് മധുവിന് സമ്മാനിച്ചു.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതായിരുന്നു പുരസ്കാരം."തിരുവനന്തപുരം സ്വദേശികളാണ് ടി.പി. മാധവനും ഞാനും. എങ്കിലും ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും കൊൽക്കത്തയിൽവച്ചായിരുന്നു. അക്കാലത്ത് ടി.പി. മാധവൻ ഒരു മാധ്യമപ്രവർത്തകനായിരുന്നു.
' ടി.പി. മാധവനുമായുള്ള ആത്മബന്ധത്തെ പരാമർശിച്ചുകൊണ്ട് മധു പറഞ്ഞു. താൻ സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിലെ നായിക നടി ലില്ലി ചക്രവർത്തിയിലേക്ക് എത്തുന്നതിന് ടി.പി. മാധവൻ കാരണമായെന്നും മധു ചൂണ്ടിക്കാട്ടി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ "അമ്മ'യുടെ ആദ്യ സെക്രട്ടറിയായ ടി.പി. മാധവൻ മികച്ച സംഘാടകൻ കൂടിയായിരുന്നു.
നല്ലൊരു കലാകാരനും മനുഷ്യനും ആയിരുന്നു ടി.പി. മാധവൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ആദ്യം പരിചയപ്പെടുമ്പോൾ തന്നെ ടി.പി. മാധവൻ വിവാഹമോചിതനായിരുന്നു. പിന്നീട് രണ്ടര വർഷം കഴിഞ്ഞാണു താൻ നിർമാണവും സംവിധാനവും നിർവഹിച്ച "കാമം ക്രോധം മോഹം' എന്ന സിനിമയിലൂടെ ടി.പി. മാധവൻ ചലച്ചിത്രരംഗത്ത് എത്തുന്നത്. കുടുംബവുമായുള്ള അകൽച്ച ടി.പി. മാധവന്റെ അവസാന കാലത്തെ വലിയ വേദന ആയിരുന്നുവെന്നും മധു വ്യക്തമാക്കി.
ഗാന്ധിഭവനിൽ ടി.പി. മാധവൻ താമസിച്ചിരുന്ന മുറി ഒരു തിയേറ്ററായി മാറ്റിയിട്ടുണ്ടെന്നും തീയേറ്ററിന്റെ ഉദ്ഘാടനം ഉടനെ നടക്കുമെന്നും ഡോ.ഷാഹിദാ കമാൽ പറഞ്ഞു. ഗാന്ധിഭവൻ ജനറൽ മാനേജർ വി.സി. സുരേഷ്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ, വയലാർ സാംസ്കാരിക സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.