തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പിന്തുണച്ച് മന്ത്രി പി.കെ.ബഷീർ. ഇവർക്ക് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അവരുടേത് മികച്ച നിലവാരമുള്ള പ്രവൃത്തികളാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കരാറുകളുടെ എസ്റ്റിമേറ്റ് തുകയിൽ ഊരാളുങ്കലിന് അനുകൂലമായി വ്യത്യാസങ്ങൾ വരുത്തി നൽകിയെന്ന ആക്ഷേപവും മന്ത്രി തള്ളി. ക്രമവിരുദ്ധമായി ഒന്നും തന്നെ അവർക്ക് നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതികൾ ലഭിച്ചാൽ കൃത്യമായ അന്വേഷണം നടത്തുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പ്രതിപക്ഷത്തായിരുന്നപ്പോൾ ഊരാളുങ്കലിന് വഴിവിട്ട് കരാറുകൾ നൽകുന്നുവെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. സഭയിൽ വി.ടി. ബലറാം എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് ഊരാളുങ്കലിന്റെ പ്രവർത്തന മികവിനെ മന്ത്രി പ്രശംസിച്ചത്. ഊരാളുങ്കലിന്റെ പ്രവൃത്തികൾക്ക് മികച്ച നിലവാരമുള്ളതുകൊണ്ടാണ് എല്ലാവരും അവർക്ക് പിന്നാലെ പോകുന്നത്.
ഇത് കാരണം അവർക്ക് വർക്ക് ലോഡ് കൂടുതലാണ്. ഇതാണ് ഇപ്പോൾ കാണുന്ന ചില പ്രശ്നങ്ങൾക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവൃത്തികൾ ഊരാളുങ്കലിന്റെ മാത്രം കുത്തകയായി മാറുന്നുവെന്ന നിരീക്ഷണമുണ്ടെന്ന് വി.ടി. ബലറാം ചൂണ്ടിക്കാണിച്ചു.
സൊസൈറ്റിയുടെ ഈ കുത്തകാവകാശം ഒഴിവാക്കുമോയെന്നും അവർക്ക് നൽകുന്ന വർക്കുകൾ നിജപ്പെടുത്തുമോയെന്നും ബലറാം ചോദിച്ചു. വർക്കുകൾ നിജപ്പെടുത്തുന്ന കാര്യവും മുഖ്യമന്ത്രിയുമായി ആലോചിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മന്ത്രി പി.കെ. ബഷീർ ഇതിന് മറുപടി നൽകിയത്.