ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻലസ് ലോകത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഓപ്പൺഎഐ തങ്ങളുടെ ഏറ്റവും കരുത്തുറ്റ എഐ മോഡലായ 'ജിപിടി-6 ആസ്ട്ര' പുറത്തിറക്കി. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ തുടക്കമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്ട്ര, ലോകത്തിലെ ഏറ്റവും മികച്ച എഐ മോഡലാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കി.
കോഡിംഗ്, സയൻസ്, സൈബർ സെക്യൂരിറ്റി, പ്രൊഫഷണൽ ജോലികൾ എന്നിവയിൽ നിലവിലുള്ള ആന്ത്രോപിക് ക്ലോഡ് ഫേബിൾ 5.1 ഉൾപ്പെടെയുള്ള എല്ലാ എഐ മോഡലുകളെയും ആസ്ട്ര പിന്നിലാക്കിയതായി കമ്പനി അവകാശപ്പെടുന്നു.
മനുഷ്യനെപ്പോലെ സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ശേഷിയുള്ള നിർമ്മിത ബുദ്ധിയെയാണ് എജിഐ എന്ന് വിളിക്കുന്നത്. ഉപയോക്താവിന്റെ നിർദ്ദേശാനുസരണം വെബ്സൈറ്റുകൾ നിർമിക്കുക, ബ്ലെൻഡറിൽ 3D മോഡലുകൾ തയ്യാറാക്കുക, അവതരണങ്ങൾ ഉണ്ടാക്കുക, ഫോമുകൾ പൂരിപ്പിക്കുക എന്നിവ ആസ്ട്രയ്ക്ക് സ്വയം ചെയ്യാൻ സാധിക്കും.
സോഫ്റ്റ്വെയർ എൻജിനീയറിംഗിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച മോഡലാണിത്. കോഡുകളിലെ പിഴവുകൾ കണ്ടെത്തുന്നതിലും പുതിയ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് പരിശോധിക്കുന്നതിലും ഇത് മുൻപന്തിയിലാണ്.
സൈബർ സുരക്ഷാ മേഖലയിൽ 100% കൃത്യതയോടെ വീഴ്ചകൾ കണ്ടെത്താൻ ഈ മോഡലിന് കഴിയും. എന്നാൽ സുരക്ഷ മുൻനിർത്തി ദുരുപയോഗം തടയാനുള്ള ശക്തമായ മുൻകരുതലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.
നിലവിൽ ഡേബ്രേക്ക് ഉപയോക്താക്കൾ ലഭ്യമാക്കിയിരിക്കുന്ന ആസ്ട്ര, വരും ദിവസങ്ങളിൽ ചാറ്റ്ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് വരിക്കാർക്കും എപിഐ വഴിയും ലഭ്യമാകും. ഓപ്പൺഎഐ ഉടൻ തന്നെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം.