അടിമത്ത സമ്പ്രദായത്തെ സാമൂഹികവും സാമ്പത്തികവുമായ യാഥാർഥ്യം എന്ന നിലയിൽ പോയ നൂറ്റാണ്ടുകളിൽ ക്രിസ്തുമതം അംഗീകരിച്ചിരുന്നുവെന്നാണ് ചരിത്രത്തിൽനിന്ന് വ്യക്തമാകുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ അടിമത്തത്തെ ക്രൈസ്തവചിന്ത ശരിവച്ചിരുന്നു. അറ്റ്ലാന്റിക്കിന്റെ കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ അടിമവ്യാപാരം ശക്തിപ്പെട്ടപ്പോൾ സ്വാതന്ത്ര്യനഷ്ടത്തെ ഏറ്റവും കുറവ് സാഹചര്യങ്ങളിലേക്ക് പരിമിതപ്പെടുത്താനാണ് ക്രൈസ്തവചിന്തകർ ശ്രമിച്ചിരുന്നത്.
ലൂയി ദെ മൊളീന, തോമസ് ദെ മെർക്കാദോ മുതലായ ചിന്തകർ ഉദാഹരണങ്ങളാണ്. ഫ്രാൻസിസ് മാർപാപ്പ എഴുതുന്നതുപോലെ “ആരാണ് സ്വതന്ത്രരായും ആരാണ് അടിമകളായും ജനിക്കുന്നതെന്നും, സ്വതന്ത്രനായി ജനിക്കുന്ന ഒരാൾക്ക് എങ്ങനെ ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അല്ലെങ്കിൽ സ്വാതന്ത്ര്യം തിരിച്ചു പിടിക്കാമെന്നും ധാർമികശാസ്ത്രവും നിയമവുമാണ് തീർച്ചപ്പെടുത്തുന്നത്.” അദ്ദേഹം തുടരുന്നു: “മറ്റു വാക്കുകളിൽ പറഞ്ഞാൽ, ചില മനുഷ്യരെ മറ്റുള്ളവരുടെ സ്വത്തുക്കളായി പരിഗണിക്കുന്നത് നിയമംതന്നെ ശരിവച്ചു എന്നാണ്.”
ആദിവാസികളുടെ സ്വാതന്ത്ര്യസംരക്ഷണത്തിൽ സഭയുടെ പങ്ക്
യൂറോപ്യൻ കോളനിവത്കരണത്തിന്റെ കാലത്ത്, പ്രത്യേകിച്ചും പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം അവർ തെക്കും വടക്കും അമേരിക്കൻ വൻകരകളിൽ എത്തിത്തുടങ്ങിയപ്പോൾമുതൽ സഭ അവിടത്തെ ആദിവാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു. 1537ൽ പോൾ മൂന്നാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച ‘സുബ്ലീമിസ് ദേവൂസ്’ എന്ന വിളംബരം, സ്പാനിഷ് അമേരിക്കയിൽ മിഷനറിമാരും ഡൊമിനിക്കൻ വൈദികരുമായിരുന്ന അന്തോണിയോ ദെ മോന്തെസീനോസ്, ബർതോൽമെ ദെ ലാസ് കസാസ്, പോർട്ടുഗീസ് അമേരിക്കയിലെ ഈശോസഭാ വൈദികരായിരുന്ന മാനുവൽ ദ നൊബ്രേ ഗ, അന്തോണിയെ വിയേറ തുടങ്ങിയ ഉദാഹരണങ്ങൾ നോക്കുക. ആഫ്രിക്കക്കാരുടെ അടിമത്തത്തെക്കുറിച്ചാണെങ്കിൽ, സഭ അത് അംഗീകരിച്ചിരുന്നു എന്ന് പറയേണ്ടിവരും. അക്കാലഘട്ടത്തിലെ നിയമം, ധാർമികത എന്നിവ മാനിച്ചുകൊണ്ടും മാന്യമായ ജീവിത സാഹചര്യങ്ങളും അവരുടെ അജപാലനാവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുമായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാത്രം. സഭ ഈ സമ്പ്രദായത്തെ അംഗീകരിച്ചത് നിയമപരവും ധാർമികവുമായ വാദഗതികൾക്കു പുറമേ യൂറോപ്യന്മാരുടെ വരവിനുമുമ്പ് അത് നിലനിന്നിരുന്നു എന്നതും അറബ് നാടുകളിലേക്ക് അടിമകളെ കയറ്റി അയച്ചിരുന്നു എന്നതും കണക്കിലെടുത്താണ്.
അമേരിക്കയിൽ അടിമകളുടെ ആവശ്യം വർധിച്ചപ്പോൾ
യൂറോപ്യന്മാരുടെ വരവും അറ്റ്ലാന്റിക്ക് സമുദ്ര വ്യാപാരവും വഴിയായി അമേരിക്കയിൽ തൊഴിലാളികൾ ലഭ്യമായി; അമേരിക്കയിൽ അടിമകളുടെ ആവശ്യം വർധിക്കുകയും ചെയ്തു. തുടർന്ന് ആഫ്രിക്കൻ തീരങ്ങളിൽ അടിമ വ്യാപാരകേന്ദ്രങ്ങളും വ്യാപിച്ചു. ചെലവു കുറഞ്ഞ തൊഴിലാളികൾക്കു വേണ്ടിയുള്ള യൂറോപ്യന്മാരുടെ ആവശ്യം ആഫ്രിക്കൻ ജനതകളെ സംഘർഷത്തിലേക്ക് നയിച്ചു. യൂറോപ്യന്മാരുമായി കച്ചവടം നടത്താൻ ആഫ്രിക്കൻ ഗോത്ര നേതാക്കന്മാർ മടിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ, പല ഭൂഖണ്ഡങ്ങളിലും ഗാർഹിക-കാർഷിക മേഖലകളിൽ ജോലി ചെയ്യാൻ ക്രൈസ്തവ സ്ഥാപനങ്ങളിൽ അടിമകളെ നിയോഗിച്ചിരുന്നതിനെപ്പറ്റി അദ്ഭുതപ്പെടാനില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിപ്ലവകരമായ ചില സ്വരങ്ങൾ ഒറ്റപ്പെട്ടതും അശ്രാവ്യവുമായി പോയതിലും ആശ്ചര്യമില്ല. എങ്കിലും ചരിത്രം പരിശോധിക്കുമ്പോൾ ക്രിസ്തുമതം ഓരോ മനുഷ്യവ്യക്തിയുടെയും മാന്യതയും മഹത്വവും ക്രമാനുഗതമായി അംഗീകരിക്കുന്നതിൽ അതിന്റേതായ സംഭാവന നൽകിയിട്ടുണ്ട് എന്നു കാണാം. അങ്ങനെ 19-ാം നൂറ്റാണ്ടിൽ അടിമക്കച്ചവടവും പിന്നീട് അടിമത്ത സമ്പ്രദായവും നിർത്തലാക്കുന്നതിലേക്കു നയിച്ച സാവധാനമുള്ള മുന്നേറ്റത്തിൽ സഭയും ഭാഗഭാക്കായി.
അടിമത്ത നിരോധനാശയങ്ങളുടെ വ്യാപനം
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ അടിമത്ത നിരോധനാശയങ്ങൾ വ്യാപിച്ചതിന്റെ പിന്നിൽ മാനവികവും മതപരവുമായ കാരണങ്ങൾ മാത്രമല്ല, രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. വിയന്ന കോൺഗ്രസിൽ (1814-15) അടിമക്കച്ചവടം നിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളെ ബ്രിട്ടൻ നിർബന്ധിച്ചപ്പോൾ തിരുസിംഹാസനവും ആ നിലപാടിൽ ഉറച്ചുനിന്നു. ഏതാനും വർഷങ്ങൾക്കകം 1839ൽ ഗ്രിഗോറിയോസ് പതിനാറാമൻ മാർപാപ്പ ‘ഇൻ സുപ്രേമോ’ എന്ന പ്രമാണരേഖയിലൂടെ ഏതുവിധത്തിലുള്ള അടിമക്കച്ചവടവും തെറ്റാണെന്ന് പ്രഖ്യാപിച്ചത് സുപ്രധാനമാണ്. ഓരോ മനുഷ്യനും പങ്കുപറ്റുന്ന മഹത്വത്തെകുറിച്ചുള്ള വർധിച്ച അവബോധം സംബന്ധിച്ച് കത്തോലിക്കാ സഭയിലുള്ള ധാരണ വളരാൻ ഈ രേഖ ഇടയാക്കി. എന്നാൽ, 1866ൽ അന്നത്തെ വിശ്വാസതിരുസംഘം ചില അവസരങ്ങളിൽ അടിമത്തം അനുവദനീയമാണെന്ന് നിലപാട് എടുക്കുകയുണ്ടായി. സ്വാഭാവികവും ദൈവികവുമായ നിയമങ്ങൾക്കു കേവലമായ അടിമത്തം എതിരല്ലെന്നാണ് അതിനു ന്യായീകരണമായി പറഞ്ഞത്.
അടിമത്തത്തിനെതിരായ സുവ്യക്തമായ ഒരു പ്രഖ്യാപനം വീണ്ടും ഉണ്ടാകുന്നത് 1888ലാണ്. ലെയോ പതിമൂന്നാമൻ മാർപാപ്പ തന്റെ ‘ഇൻ പ്ലൂരിബൂസ്’ എന്ന ചാക്രിക ലേഖനത്തിലൂടെ ബ്രസീലിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു. ചരിത്രത്തിലൂടെയുള്ള സഭാ പ്രബോധനത്തിന്റെ നാൾവഴി വിശദമാക്കിയതിനുശേഷം, അടിമത്തം അവസാനിപ്പിക്കാനുള്ള സർക്കാർ നടപടികളോട് സഹകരിക്കാൻ അദ്ദേഹം മെത്രാന്മാരെ പ്രോത്സാഹിപ്പിച്ചു. അടിമത്തത്തെ ലജ്ജാകരം, മാറാരോഗം, ഭീഷണമായ പകർച്ചവ്യാധി, മനുഷ്യരുടെ ജീർണിച്ച ചന്ത എന്നൊക്കെയാണ് അദ്ദേഹം ആ ചാക്രിക ലേഖനത്തിൽ വിശേഷിപ്പിച്ചത്.