ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണ്. ആര്‍ച്ച് ഡാം ഉള്‍പ്പെടെ നിരവധി അണക്കെട്ടുകള്‍, സഞ്ചാരികളുടെ മനം കവരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മണ്ഡലമാണിത്.
മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കാഹളമുയരുമ്പോള്‍ ഇടുക്കി ജില്ല ഇടത്തേക്കോ വലത്തേക്കോ എന്ന കാര്യം പ്രവചനാതീതമായി മാറുകയാണ്. മലയോര ജില്ലയായ ഇവിടുത്തെ അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു വിജയം. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് വ്യക്തമായ മേല്‍ക്കോയ്മ. നിയമസഭയിലേക്കാകുമ്പോൾ ചിത്രം വ്യത്യസ്തമാണ്. അഞ്ചിടത്തും മത്സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂ വിഷയങ്ങള്‍, പട്ടയപ്രശ്നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണനിരോധനം ഉള്‍പ്പെടെയുള്ളവയാണ് യുഡിഎഫിന്റെ പ്രചാരണായുധങ്ങള്‍. അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലും.
മന്ത്രി റോഷി അഗസ്റ്റിന്, മുന്‍ മന്ത്രിമാരായ പി.ജെ. ജോസഫ്, എം.എം. മണി എന്നീ പ്രമുഖരുടെ മണ്ഡലങ്ങളുള്ളതിനാൽ ഏറെ ശ്രദ്ധേയമാകും പോരാട്ടം. പി.ജെ. ജോസഫ് തൊടുപുഴയില്‍നിന്നും മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍നിന്നും ജനവിധി തേടുമെന്ന കാര്യം ഉറപ്പാണ്. ഉടുമ്പന്‍ചോലയില്‍ എം.എം.മണി മത്സരിക്കുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലായിരുന്ന 2016ല്‍ ഇടുക്കിയും തൊടുപുഴയും യുഡിഎഫിനൊപ്പം നിന്നെങ്കില്‍ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. ഭരണവിരുദ്ധ വികാരം എല്ലാ മണ്ഡലത്തിലും ഇത്തവണ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. നിലവിലുള്ളതിനു പുറമെ തൊടുപുഴകൂടി പിടിച്ചെടുക്കാനുള്ള തന്ത്രമാണ് എല്‍ഡിഎഫ് നോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ്-മൂന്ന്, കേരള കോണ്‍ഗ്രസ്-രണ്ട്, എല്‍ഡിഎഫില്‍ സിപിഎം-രണ്ട്, കേരള കോണ്‍ഗ്രസ് എം-രണ്ട്, സിപിഐ-ഒന്ന് എന്നിങ്ങനെയായിരുന്നു മത്സരിച്ചത്.
തൊടുപുഴയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ യുഡിഎഫ്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും 2006ലും മാത്രമാണ് തൊടുപുഴ നിയോജകമണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമുള്ളത്. മറ്റു തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനായിരുന്നു തിളക്കമാര്‍ന്ന വിജയം. പി.ജെ. ജോസഫ് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയതോടെ ഈ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയായി മാറി. ജോസഫ് വിഭാഗം യുഡിഎഫിലെത്തിയ 2011ല്‍ പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം 22,868 വോട്ടായിരുന്നു. 2016-ല്‍ 45,823 വോട്ടുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. കോവിഡ് ഭീഷണി നിലനിന്ന 2021ല്‍ ഭൂരിപക്ഷം നേര്‍പകുതിയായെങ്കിലും പി.ജെ. ജോസഫ് വീണ്ടും മിന്നുന്ന വിജയവുമായി നിയമസഭയിലെത്തി. നിരവധി ബൈപാസുകൾ ഉള്‍പ്പെടെ തുറന്ന് വികസനരംഗത്ത് തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ ജനപ്രതിനിധിയെന്ന ഖ്യാതിയാണ് പിജെയുടെ വിജയരഹസ്യം.
കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തില്‍ വികസനമുരടിപ്പാണെന്നു ചൂണ്ടിക്കാട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരുകൈ പയറ്റാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, എന്‍ഡിഎ ആകട്ടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയിലും മണ്ഡലപരിധിയിലുള്ള രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലും 12 പഞ്ചായത്തുകളില്‍ 10 ഇടങ്ങളിലും യുഡിഎഫിനായിരുന്നു വിജയം.
ജില്ലാ ആസ്ഥാനം ആരു പിടിക്കും?
ജില്ലാ ആസ്ഥാനവും മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകവുമായ ഇടുക്കിയില്‍ ഇത്തവണ ശക്തമായ പോരാട്ടമാവും. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് പാളയത്തിലെത്തിയശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്ന ഇടുക്കിയില്‍ കുത്തക തകര്‍ത്ത് റോഷി വിജയിച്ചുകയറുകയായിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള അടുപ്പവും മന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുക. മികച്ച സ്ഥാനാര്‍ഥി വന്നാൽ ജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂ ചട്ടഭേദഗതി അനുകൂലമാകുമെന്ന് എല്‍ഡിഎഫ് കരുതുന്പോൾ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കണമെന്ന നിര്‍ദേശത്തിനെതിരേ യുഡിഎഫ് വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും യുഡിഎഫിനൊപ്പമായിരുന്നു. ഇതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.
തോട്ടം മേഖലയുടെ മനസ്
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പീരുമേട്. പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങള്‍. തോട്ടം തൊഴിലാളികളും കര്‍ഷകരുമാണ് കൂടുതൽ. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഏറ്റവും കുറഞ്ഞ വോട്ടിന് യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലം. 2016ല്‍ 314 വോട്ടുകള്‍ക്കും 2021ല്‍ 1,835 വോട്ടുകള്‍ക്കുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. എംഎൽഎ ആയിരുന്ന സിപിഐയിലെ വാഴൂര്‍ സോമന്റെ വിയോഗത്തോടെ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്നതിൽ ചിത്രം തെളിഞ്ഞിട്ടില്ല. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിന്റെ പേരാണ് നിലവില്‍ ഉയര്‍ന്നുവരുന്നത്. വാഴൂര്‍ സോമന് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാകും എല്‍ഡിഎഫിന്റെ പ്രചാരണം. അതേസമയം, ഇനിയും അടഞ്ഞുകിടക്കുന്ന തോട്ടങ്ങളും തൊഴിലാളികളുടെ ദുരിതവുമെല്ലാം അക്കമിട്ട് നിരത്തിയാകും യുഡിഎഫ് ജനങ്ങളെ സമീപിക്കുക. മണ്ഡലത്തിലെ സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന ചക്കുപള്ളം, ആനവിലാസം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ പട്ടയപ്രശ്നങ്ങളും ഏലം കുത്തകപ്പാട്ടം പുതുക്കിനല്‍കല്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, വണ്ടിപ്പെരിയാര്‍ മേഖലയിലെ വന്യമൃഗശല്യം, സത്രം എയര്‍സ്ട്രിപ്പ് ഉള്‍പ്പെടുന്ന പ്രദേശം റിസര്‍വ് വനഭൂമിയാക്കല് തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. എന്‍ഡിഎ കാര്യമായ സ്വാധീനം ഇവിടെയില്ലെങ്കിലും ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഉടുമ്പന്‍ചോലയില്‍ പോര് കടുക്കും
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിയുടെ സാന്നിധ്യമാണ് വീറും വാശിയും കൂട്ടുന്നത്. കര്‍ഷകരും തോട്ടംതൊഴിലാളികളും തമിഴ് വംശജരും ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് എം.എം. മണി വിജയിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചാരണായുധം. എന്നാല്‍, മണ്ഡലത്തിലെ ഭൂരിഭാഗം വില്ലേജുകളും സിഎച്ച്ആര്‍ പരിധിയിലായതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല.
കുത്തകപാട്ടം പുതുക്കി നല്കാത്തതിനാല് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും പുറമെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, മതികെട്ടാനിലെ ബഫര്‍സോണ്‍ എന്നിവയെല്ലാം കരുക്കളാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ഥിയാരെന്ന് തീരുമാനമായില്ല.