തിരുവനന്തപുരം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും വേഗമേറിയതുമാക്കാൻ ലക്ഷ്യമിട്ട് സി-ഡിറ്റുമായി ചേർന്ന് വികസിപ്പിക്കുന്ന ആധുനിക വെബ്സൈറ്റ് ഉടൻതന്നെ ലോഞ്ച് ചെയ്യും.
ഇതിനായുള്ള അവസാനവട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞുവെന്ന് തിരുവനന്തപുരത്ത് നടന്ന പത്താമത് എൻആർഐ അദാലത്തിനോടനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ റിട്ട.ജസ്റ്റീസ് സോഫി തോമസ് അറിയിച്ചു.
പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രവാസികൾക്ക് ഏത് രാജ്യത്തുനിന്നും കമ്മീഷൻ ഓഫീസിൽ വരാതെ തന്നെ ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാം.
ഫയൽ ചെയ്ത പരാതികളുടെ നിലവിലെ അവസ്ഥയും തുടർനടപടികളും കൃത്യമായി ഫോളോ അപ്പ് ചെയ്യാം. കൂടാതെ, കേസിലെ അന്തിമ ഉത്തരവുകൾ വെബ്സൈറ്റിൽനിന്നു നേരിട്ട് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
സർക്കാർ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ആജീവനാന്ത അംഗത്വവും പെൻഷനും വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വ്യാജ അസോസിയേഷനുകൾക്കെതിരേ കമ്മീഷൻ ഡിജിപി തലത്തിൽ നടപടിക്കു ശിപാർശ നൽകിയിട്ടുണ്ട്. മുപ്പതിനായിരം പേർ വരെ രജിസ്റ്റർ ചെയ്ത വ്യാജ സംഘടനകൾ ഉള്ളതായി കണ്ടെത്തി.
ഇത്തരം സംഘങ്ങൾക്കെതിരേ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിൽ മാധ്യമങ്ങൾക്കു പ്രധാന പങ്കു വഹിക്കാനുണ്ടെന്നും കമ്മീഷൻ അംഗങ്ങൾ പറഞ്ഞു.
നോർക്കയുടെ കൃത്യമായ രജിസ്ട്രേഷൻ ഉള്ള സംഘടനകൾക്കു മാത്രമേ പ്രവാസികളുടെ ഇടയിൽ പ്രവർത്തിക്കാനും സഹായങ്ങൾ നൽകാനും അനുമതി നൽകാവൂ എന്ന് കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ഇതുവഴി പ്രവാസികൾ ചതിക്കുഴികളിൽ വീഴുന്നത് പൂർണമായി തടയാനാകുമെന്നാണു പ്രതീക്ഷ.
വാർത്താ സമ്മേളനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് (റിട്ട.) സോഫി തോമസിനൊപ്പം മെംബർമാരായ പി. എം. ജാബിർ പൊന്നുമാംഗൽ, ജോസഫ് ദേവസ്യ, ഡോ. മാത്യു കെ. ലുകോസ്, എൻ. എൻ. നയീം, അസിസ്റ്റന്റ് സെക്രട്ടറി നജീബ് ടി. എ. എന്നിവരും പങ്കെടുത്തു.