ന്യൂഡൽഹി: ഒരു ചാറ്റ്ബോട്ട് എന്നതിനപ്പുറം ഉപയോക്താക്കൾക്ക് വേണ്ടി വിവിധ ജോലികൾ സ്വയം ചെയ്തു നൽകുന്ന 'ഗ്രോക്ക് ബോട്ട്' എന്ന പുതിയ ഏജന്റ് അവതരിപ്പിച്ചു. സ്പേസ് എക്സ് എഐയും കർസറും ചേർന്നാണ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ പുറത്തിറക്കിയത്. ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം ആപ്പുകളിലും വെബ്സൈറ്റുകളിലും കയറി നിർദ്ദിഷ്ട ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും.
ക്ലൗഡിൽ ഓരോ എഐ ഏജന്റിനും സ്വന്തമായി കമ്പ്യൂട്ടർ സംവിധാനം നൽകിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതുവഴി യൂസറുടെ ഇമെയിൽ, ബിസിനസ് ആപ്പുകൾ, വിവിധ വെബ്സൈറ്റുകൾ എന്നിവയിലേക്ക് ലോഗിൻ ചെയ്യാനും എപിഐ സൗകര്യമില്ലാത്ത സേവനങ്ങളിൽ പോലും പ്രവർത്തിക്കാനും ഗ്രോക്ക് ബോട്ടിന് കഴിയും.
ഇൻവോയ്സുകൾ പ്രോസസ്സ് ചെയ്യുക, കസ്റ്റമർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക, സോഫ്റ്റ്വെയർ കോഡിംഗിലെ പിഴവുകൾ നികത്തുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ സ്വയം പൂർത്തിയാക്കും. ഒരു ജോലി നിങ്ങൾ എങ്ങനെയാണ് ചെയ്യുന്നതെന്ന് ഗ്രോക്ക് ബോട്ടിന് കാണിച്ചു കൊടുത്താൽ, ആ രീതി ഓർത്തു വെച്ച് ഭാവിയിൽ സമാന ജോലികൾ സ്വയം ചെയ്യും.
സെയിൽസ്, എഞ്ചിനീയറിംഗ്, റിക്രൂട്ട്മെന്റ് തുടങ്ങിയ വിവിധ മേഖലകൾക്കായി ഒരേസമയം ഒന്നിലധികം ബോട്ടുകളെ ഉപയോഗിക്കാം. ഇവയ്ക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും സാധിക്കും.
നിലവിൽ സൂപ്പർ ഗ്രോക്ക് ഹെവി , കർസർ അൾട്രാ, കർസർ ടീംസ് പ്രീമിയം വരിക്കാർക്ക് ഡെസ്ക്ടോപ്പിലും ഐഒഎസിലും ഇത് ലഭ്യമാണ്. വിൻഡോസിലും ബോട്ട് ലഭ്യമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഈ ഫീച്ചർ ലഭിക്കും.