വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയിൽ ഓടിക്കൊണ്ടിരുന്ന മാരുതി കാർ തീപിടിച്ചു പൂർണമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന നാലു യുവാക്കൾ പുറത്തിറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. പെട്രോൾ പമ്പിനു തൊട്ടുചേർന്ന് അപകടം സംഭവിച്ചത് ഏറെ ആശങ്ക പരത്തിയിരുന്നു.
തിങ്കളാഴ്ച്ച രാത്രിയോടെ ഉച്ചക്കട ജംഗഷനു സമീപമായിരുന്നു സംഭവം. ബാലരാമപുരം സ്വദേശികളായ നാലംഗ സംഘമാണ് രക്ഷപ്പെട്ടത്.യാത്രയ്ക്കിടെ കാറിൽ നിന്നും പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ യുവാക്കൾ വാഹനം നിർത്തി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞു വിഴിഞ്ഞത്തുനിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി.പി. ഹരി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, സന്തോഷ് കുമാർ, ആന്റു, ബിജു, ഹോം ഗാർഡ് ജോസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. വാഹനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വിഴിഞ്ഞം പൊലിസ് സ്ഥലത്ത് എത്തി കാര്യങ്ങൾ വിലയിരുത്തി.