മെൻലോ പാർക്ക്: ഉപയോക്താക്കൾക്കായി ഗ്രൂപ്പ് ചാറ്റുകളിൽ നാല് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. മെസേജുകൾ കാലാവധിയില്ലാതെ സ്ഥിരമായി പിൻ ചെയ്യാനുള്ള സൗകര്യം, ഗ്രൂപ്പിൽ അംഗമായവർക്ക് പഴയ ചാറ്റ് ഹിസ്റ്ററി പങ്കിടൽ, ഗ്രൂപ്പുകൾക്ക് മാത്രമായി സ്റ്റാറ്റസ് ഇടാനുള്ള സൗകര്യം, മെൻഷനുകളും മറുപടികളും മാത്രം ഫിൽട്ടർ ചെയ്ത് കാണാനുള്ള ഫീച്ചർ എന്നിവയാണ് പുതിയതായി എത്തിയിരിക്കുന്നത്.
തെരക്കേറിയ ഗ്രൂപ്പ് ചാറ്റുകൾ കൈകാര്യം ചെയ്യുന്നതും വായിക്കാൻ വിട്ടുപോയ പ്രധാന സന്ദേശങ്ങൾ വേഗത്തിൽ കണ്ടെത്തലുകൾ ലളിതമാക്കുന്നതുമാണ് ഈ പുതിയ അപ്ഡേറ്റുകൾ.
ഇതുവരെ ഗ്രൂപ്പുകളിൽ മെസ്സേജുകൾ പിൻ ചെയ്യുമ്പോൾ നിശ്ചിത സമയപരിധി തിരഞ്ഞെടുക്കണമായിരുന്നു. എന്നാൽ ഇനി മുതൽ കാലാവധിയില്ലാതെ പ്രധാനപ്പെട്ട സന്ദേശങ്ങൾ, ഗ്രൂപ്പ് നിയമങ്ങൾ, പരിപാടികളുടെ വിവരങ്ങൾ എന്നിവ ഗ്രൂപ്പിൽ സ്ഥിരമായി പിൻ ചെയ്തു വെക്കാൻ സാധിക്കും.
ഗ്രൂപ്പിൽ നേരത്തെ അംഗങ്ങളായവർക്ക് സമീപകാലത്തെ ചാറ്റ് ഹിസ്റ്ററി പങ്കിടാൻ ഇനി സാധിക്കും. ചാറ്റിൽ അംഗത്തിന്റെ പേരിൽ ടാപ്പ് ചെയ്ത് പഴയ മെസ്സേജുകൾ കൈമാറാം. ഈ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും.
എല്ലാ കോൺടാക്റ്റുകൾക്കും കാണാൻ പാകത്തിലല്ലാതെ, ഒരു നിർദ്ദിഷ്ട ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമായി സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കിടാൻ ഇനി സാധിക്കും.
നിങ്ങളെ നേരിട്ട് ടാഗ് ചെയ്തതോ (@all ഉൾപ്പെടെ) നിങ്ങളുടെ മെസ്സേജുകൾക്ക് മറുപടി നൽകിയതോ ആയ സന്ദേശങ്ങൾ മാത്രം വേർതിരിച്ചു കാണാൻ പുതിയ ഫിൽട്ടർ സഹായിക്കും. ഇത് വഴി നൂറുകണക്കിന് മെസേജുകൾക്കിടയിൽ നിന്ന് നിങ്ങൾക്ക് വന്ന പ്രധാന സന്ദേശങ്ങൾ വേഗത്തിൽ കണ്ടെത്താം.