ദ്രാവിഡമണ്ണിന്റെ നനവു പതിഞ്ഞ ‘വൈര’മാണ് വൈരമുത്തുവിന്റെ ഓരോ വാക്കും. തരുണഹൃദയങ്ങളെ ത്രസിപ്പിക്കുകയും ദാർശനികചൈതന്യം നിറഞ്ഞ വരികളാൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന ജ്ഞാനിയായ എഴുത്തുകാരന്റെ വേരുകൾ തമിഴ്പാരന്പര്യവും ചരിത്രവുമായി ഇഴചേർന്നുകിടക്കുന്നു.
ഒറ്റവായനയിലോ കേൾവിയിലോ ലളിതവും സുതാര്യവുമായി അനുഭവപ്പെടുന്പോഴും, പുനർവായനയിൽ ആസ്വാദകനെ എത്തിക്കുന്നത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള സംവാദത്തിലേക്കാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി, കവിതകളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും കഥകളിലൂടെയും തമിഴകത്തെ ആവേശിച്ച അദ്ദേഹം ഇന്നും തമിഴ് ഭാവുകത്വത്തിന്റെ മുഖമുദ്രയാണ്. ജ്ഞാനപീഠ പുരസ്കാരത്തിലൂടെ അർഹിക്കുന്ന അംഗീകാരമാണ് വൈരമുത്തുവിനെ തേടിയെത്തിയിരിക്കുന്നത്.
1953 ജൂലൈ 13ന്, കേരളത്തിന്റെ അതിർത്തിജില്ലയായ തേനിയിലെ വടുഗപ്പെട്ടിയിലാണു വൈരമുത്തുവിന്റെ ജനനം. ബാല്യം മുതൽ സാഹിത്യത്തോടും സാമൂഹികപ്രസ്ഥാനങ്ങളോടും വലിയ അഭിനിവേശം പുലർത്തിയിരുന്ന വൈരമുത്തുവിന്റെ എഴുത്തുജീവിതത്തിന് പെരിയാർ, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ ചിന്തകളും ഭാരതിയാർ, ഭാരതിദാസൻ, കണ്ണദാസൻ തുടങ്ങിയ വലിയ കവികളുടെ കൃതികളും അടിത്തറയിട്ടു. പതിനാലാം വയസിലാണ് ആളുന്ന മനസുമായി എഴുത്തിന്റെ വഴികളിലേക്ക് വൈരമുത്തു പ്രവേശിക്കുന്നത്. ചെന്നൈയിലെ കോളജ് വിദ്യാഭ്യാസകാലത്തുതന്നെ വളർന്നുവരുന്ന കവിയായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്തൊൻപതാം വയസിൽ പ്രസിദ്ധീകരിച്ച ‘വൈഗരൈ മേഘങ്ങൾ’ അക്കാലത്ത് ചർച്ച ചെയ്യപ്പെട്ട കാവ്യസമാഹാരമാണ്.
1980ൽ പുറത്തിറങ്ങിയ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തുവിന്റെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. പ്രമുഖ സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവർക്കൊപ്പമുള്ള ഗാനങ്ങൾ തെന്നിന്ത്യയെ ഇളക്കിമറിച്ച ഹിറ്റുകളാണ്. 5800ലേറെ ഗാനങ്ങൾ രചിച്ച വൈരമുത്തു, ഏറ്റവും കൂടുതൽ തവണ ദേശീയ ചലച്ചിത്ര അവാർഡ് (മികച്ച ഗാനരചയിതാവ്) നേടിയ എഴുത്തുകാരൻകൂടിയാണ്.
മനുഷ്യവികാരങ്ങളെയും പ്രകൃതിയെയും ദാർശനികതയെയും കോർത്തിണക്കുന്ന രചനാരീതി അദ്ദേഹത്തിന്റെ സവിശേഷതയായി നിരൂപകർ ചൂണ്ടിക്കാണിക്കുന്നു. സന്ദർഭമേതായാലും അവയ്ക്കിണങ്ങുന്ന വാക്കുകൾ കോർത്തുകെട്ടുന്നതിൽ അദ്ദേഹത്തോളം വൈദഗ്ധ്യമുള്ള ഗാനരചയിതാക്കൾ അപൂർവമാണ്. പ്രണയമായാലും വിരഹമായാലും പെറ്റമ്മയുടെ വാത്സല്യമായാലും ആഘോഷങ്ങളായാലും മനുഷ്യജീവിതത്തിന്റെ ആഴമേറിയ ചിന്തകളായാലും വൈരമുത്തുവിന്റെ തൂലികയിൽ അനായാസം പിറവികൊള്ളും. പ്രകൃതിയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ വരികളിൽ ധാരാളമായി കടന്നുവരാറുണ്ട്. മണ്ണ്, പുഴ, കാറ്റ്, മഴ, പൂക്കൾ തുടങ്ങിയവ ഗാനങ്ങളിൽ വളരെ മനോഹരമായി ഇണങ്ങിനിൽക്കുന്നു.
വൈരമുത്തു-എ.ആർ. റഹ്മാൻ കൂട്ടുകെട്ട് തമിഴ് സിനിമാസംഗീതത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. ‘റോജ’, ‘ബോംബെ’, ‘കന്നത്തിൽ മുത്തമിട്ടാൽ’, ‘എന്തിരൻ’ തുടങ്ങി ഇവരുടെ സംഗീതശിൽപ്പങ്ങൾ പലതും ക്ലാസിക്കുകളാണ്. റഹ്മാൻസംഗീതത്തിന്റെ ആധുനികതയും വൈരമുത്തുവിന്റെ തമിഴ്ത്തനിമയും ചേരുന്പോൾ അതെല്ലാം ആസ്വാദനത്തിന്റെ കനകഗോപുരങ്ങളായി ആസ്വാദകർക്കുമുന്പിൽ ഉയരുന്നു.
സങ്കീർണമായ തത്വചിന്തകൾപോലും ലളിതമായ പദാവലികൾകൊണ്ടു സാധാരണക്കാരനെ അനുഭവിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ ബോധം ഉണർത്തുന്ന ഗാനങ്ങളും അദ്ദേഹം ധാരാളമായി എഴുതിയിട്ടുണ്ട്. ഭരണകൂടത്തെയും സാമൂഹിക അനാചാരങ്ങളെയും വിമർശിക്കുന്ന വരികൾ പല ഗാനങ്ങളിലും ശ്രവിക്കാം.
സാഹിത്യലോകത്തും വൈരമുത്തുവിന്റെ കൃതികൾ ഇതിഹാസങ്ങളായി മാറി. ‘കള്ളിക്കാട്ടു ഇതിഹാസം’, ‘കരുവാച്ചി കാവിയം’, ‘ശിൽപ്പിയേ ഉന്നൈ ചെതുക്കിറേൻ’ തുടങ്ങി മുപ്പതിലേറെ കൃതികൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ‘കള്ളിക്കാട്ടു ഇതിഹാസം’ എന്ന നോവലിന് 2003ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മനുഷ്യജീവിതത്തിന്റെ അകംകാഴ്ചകൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ കൃതികൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. അതെല്ലാം തമിഴ് സാഹിത്യത്തിന് വലിയ അംഗീകാരമായിത്തീരുകയും ചെയ്തു.
ദേശം എഴുത്തായും, എഴുത്ത് ദേശമായും മാറുന്ന അനുഭവം വൈരമുത്തുവിന്റെ കൃതികളുടെ അടിസ്ഥാനശിലയാണ്. ‘മനുഷ്യ’നെ അന്വേഷിച്ചുകൊണ്ടേയിരിക്കുന്ന തുടർച്ചയാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയും. വൈരമുത്തു കേവലം ഒരു ഗാനരചയിതാവോ കവിയോ മാത്രമല്ല, തമിഴ് ഭാഷയെയും സംസ്കാരത്തെയും ആഗോളതലത്തിൽ അടയാളപ്പെടുത്തിയ അപൂർവം എഴുത്തുകാരിൽ ഒരാളാണ്. ദ്രാവിഡജനതയുടെ ജീവശ്വാസത്തിന്റെ അടയാളങ്ങളായി വൈരമുത്തുവിന്റെ കൃതികൾ എന്നെന്നും നിലനിൽക്കും.