കൊരട്ടി: പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽനിന്ന് കൊരട്ടി ഗ്രാമപഞ്ചായത്തിന് പുതിയ വാഹനം കൈമാറി. കാലപ്പഴക്കം മൂലം നിലവിലുണ്ടായിരുന്ന വാഹനത്തിന്റെ പ്രവർത്തനം തടസപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തിന്റെ അഭ്യർഥന പരിഗണിച്ചാണ് ബാങ്ക് പുതിയ വാഹനം വാങ്ങി നൽകിയത്.
വാഹനത്തിന്റെ കൈമാറ്റച്ചടങ്ങ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ബെന്നി പയ്യപ്പിള്ളിയിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.
ബാങ്ക് അസി. ജനറൽ മാനേജർ മാത്യൂസ് പോൾ മുഖ്യാതിഥിയായി. ചീഫ് മാനേജരും ക്ലസ്റ്റർ ഹെഡുമായ ഡിംബിൾ ഡിക്സൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാനുവൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗ്രേസി സ്കറിയ, ഫിൻസോ തങ്കച്ചൻ, ആൻസി ആഗസ്റ്റിൻ, പഞ്ചായത്ത് അംഗങ്ങളായ കെ.സി. ജയരാജ്, കെ.എ. സുരേഷ്, ജിസി പോൾ, വി.കെ. കൃഷ്ണൻ, ജെയ്നി ജോഷി, ശ്രീമ സജീവ്, പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത എന്നിവർ പ്രസംഗിച്ചു.