കൊച്ചി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറിയ പ്രതി അലമാരയുടെ താഴ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ ഒളിച്ചിരുന്ന പ്രതി വീട്ടമ്മ എത്തിയതിനിടെ അതിക്രമം നടത്തി.
വാഴക്കുളം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ഇരുചക്ര വാഹനത്തിലാണ് ഇയാൾ വീട്ടിലേക്ക് എത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പിടികൂടിയത്.
പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാർ മുട്ടം, ആലപ്പുഴ നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ പത്തിലേറെ കേസുകളിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ എബിൻ ടോമി.