പത്തനംതിട്ട: ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യ ത്തിന്റെ അഭിമാനം കേന്ദ്ര സർക്കാർ തകർത്തെന്നും, ഇന്ന് ഇന്ത്യയുടെ ശബ്ദം ആരും ശ്രദ്ധിക്കാതെ ആയെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ഐഎൻടിയുസി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും ദുർബലമായ കേന്ദ്രഭരണകൂടം 12 കൊല്ലമായി രാജ്യത്തെ നശിപ്പിക്കുകയാണ്. നിർമലാ സീതാ രാമൻ 10 ബജറ്റ് അവതരിപ്പിച്ചെങ്കിലും അതിൽ ഒരിടത്തുപോലും തൊഴിലാളി എന്നൊരു വാക്കില്ല. 250 രൂപയ്ക്ക് പാചകവാതകം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് അതിപ്പോൾ 920 രൂപയായി. പെട്രോളിന് 50 രൂപയാക്കുമെന്ന് പറഞ്ഞിട്ട് അത് ഇരട്ടിയിലേറെയായി. കോർപറേറ്റ് അഴി മതിയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.
കേരളത്തിൽ പിണറായിയുടെ 10 വർഷത്തെ ഭരണം എല്ലാ മേഖലയെയും നശിപ്പിച്ചു. കെഎസ്ആർടിസിയും കെഎസ്ഇബിയും ജലഅഥോറിറ്റിയും പ്രതിസന്ധിയിലായി. കേരളബാങ്ക് രൂപവത്കരിച്ചത് നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നും ജില്ലാ സഹകരണബാങ്കുകളുടെ തകർച്ചയ്ക്ക് അത് വഴിവയ്ക്കുകയായിരുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സതീഷ് കൊച്ചുപറമ്പിൽ,എ. ഷംസുദീൻ,അനിൽ തോമസ്, ഹരികുമാർ പൂതങ്കര, പി.കെ. ഗോപി, എ. ഡി. ജോൺ, പി. കെ. ഇക്ബാൽ, വി. എൻ. ജയകുമാർ, രമാ ദേവപാൽ, ഓമന സത്യൻ, എം. ആർ. ശ്രീധരൻ, വർക്കി ഉമ്മൻ, തോട്ടുവാ മുരളി, റോയ് തീയാടിക്കൽ, ജെസി അലക്സ്, അജിത് മണ്ണിൽ, സജി തോട്ടത്തിമല, ജി. ശ്രീകുമാർ, സുരേഷ് കുഴുവേലിൽ, രഞ്ജി പതാലിൽ, ജി. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.