വാഷിംഗ്ടൺ ഡിസി: സ്വന്തം ആരോഗ്യനിലയെക്കുറിച്ച് വീന്പുപറഞ്ഞു തുടങ്ങിയ കാബിനറ്റ് യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറക്കം തൂങ്ങുന്ന വീഡിയോ പുറത്തുവന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ഒന്നാം ഭരണകാലത്തുണ്ടായിരുന്ന വേഗവും ചുറുചുറുക്കും രണ്ടാം ഭരണകാലത്ത് ട്രംപിനില്ലെന്ന ന്യൂയോർക്ക് ടൈംസ് പത്രറിപ്പോർട്ടിനെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം കാബിനറ്റ് യോഗം ആരംഭിച്ചത്. തനിക്കിപ്പോഴും നല്ല ആരോഗ്യവും സ്റ്റാമിനയും ഉണ്ടെന്നു ട്രംപ് പറഞ്ഞു. 25 വർഷം മുന്പത്തേതിനേക്കാളും കൂർമത ഇപ്പോഴുണ്ട്. “ട്രംപ് ഷാർപ്പാണ്, പക്ഷേ അവർ ഷാർപ്പല്ല.”
എന്നാൽ, രണ്ടു മണിക്കൂർ നീണ്ട യോഗത്തിലുടനീളം ട്രംപിന്റെ കണ്ണുകൾ സ്വാഭാവികമായി അടഞ്ഞുകൊണ്ടേയിരുന്നു. സെക്രട്ടറിമാർ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ പ്രതികരണം തലകുലുക്കലിലൊതുങ്ങി.
യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രശംസിച്ചപ്പോഴും ഈ അവസ്ഥയ്ക്കു മാറ്റമില്ലായിരുന്നു.
യോഗത്തിലെ ട്രംപിന്റെ പ്രകടനത്തെ വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പ്രതിരോധിച്ചു. യോഗം മുഴുവൻ നടത്തിയത് ട്രംപ് ആണെന്നും അദ്ദേഹം ശ്രദ്ധയോടെ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും വക്താവ് ന്യായീകരിച്ചു.