ന്യൂഡൽഹി: ആരോഗ്യസംരക്ഷണത്തിന് ഏറ്റവും കൂടുതൽ കാശ് കൈയിൽനിന്നു ചെലവാക്കുന്നത് മലയാളികളാണെന്നു നാഷണൽ ഹെൽത്ത് അക്കൗണ്ട്സിന്റെ 2022-23ലെ റിപ്പോർട്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒരാൾ ശരാശരി 8388 രൂപയാണ് സ്വന്തം കീശയിൽനിന്ന് ആരോഗ്യ സംരക്ഷണത്തിനായി 2022-23 വർഷം ചെലവാക്കിയത് (ഔട്ട് ഓഫ് ദ പോക്കറ്റ് എക്സ്പെൻഡീച്ചർ-ഒഒപിഇ). ഇക്കാര്യത്തിൽ രണ്ടാമതുള്ള ബംഗാളിൽ ഒരാൾ സ്വന്തം കീശയിൽനിന്ന് ശരാശരി 4183 രൂപയാണ് ആ വർഷം ചെലവിട്ടത്. രണ്ടാമനേക്കാൾ ഇരട്ടിയിലധികമാണ് മലയാളിയുടെ ചെലവാക്കൽ.
റിപ്പോർട്ട് പ്രകാരം 2022-23 വർഷത്തിൽ കേരളം ആരോഗ്യരംഗത്ത് ആകെ ചെലവഴിച്ചത് 47,216 കോടി രൂപയാണ്. വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ചെലവ് ഇടത്തരം മാത്രമാണെങ്കിലും സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 4.5 ശതമാനമാണ് കേരളം ആരോഗ്യരംഗത്തിനു വേണ്ടി ചെലവഴിച്ചത്.
ജിഎസ്ഡിപിയിൽ ആരോഗ്യരംഗത്തിനുവേണ്ടി ഏറ്റവും കൂടുതൽ ശതമാനം നീക്കിവച്ചത് കേരളമാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യരംഗത്ത് കേരളം ചെലവിട്ട 47,216 കോടിയിൽ 12,931 കോടി രൂപ പൗരർക്കായി സർക്കാർ ചെലവാക്കിയതാണ്.
സർക്കാർ കേരളത്തിലെ ഒരു പൗരന്റെ ആരോഗ്യത്തിനായി ശരാശരി 3592 രൂപയാണ് 2022-23 വർഷത്തിൽ ചെലവാക്കിയത്. ഈ കണക്കിൽ പൗരർക്കായി 5913 രൂപ ചെലവാക്കിയ ഹിമാചൽ പ്രദേശും 3916 രൂപ ചെലവാക്കിയ ജമ്മു-കാഷ്മീരും മാത്രമാണ് കേരളത്തിനു മുന്നിലുള്ളത്.
എന്നാൽ ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ആരോഗ്യരംഗത്ത് സർക്കാർ പൗരർക്കായി ചെലവാക്കുന്ന തുകയും പൗരർ സ്വന്തം കൈയിൽനിന്ന് ചെലവാക്കുന്ന തുകയും തമ്മിൽ വലിയ അന്തരമില്ലെങ്കിലും സർക്കാർ ചെലവാക്കുന്നതിന്റെ ഇരട്ടിയിലധികം രൂപയാണ് മലയാളികൾ സ്വന്തം കീശയിൽനിന്ന് ആരോഗ്യരംഗത്ത് ചെലവാക്കുന്നത്.
എന്നാൽ സ്വകാര്യ ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച പുരോഗതിയും രോഗങ്ങളെ നേരത്തേ തടയാനുള്ള മലയാളികളുടെ ആരോഗ്യ അവബോധവും ഉയർന്ന ആയുരാരോഗ്യവും മലയാളികൾ മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മുകളിലായി ആരോഗ്യരംഗത്ത് പണം ചെലവഴിക്കുന്നതിനുള്ള കാരണമായി വിലയിരുത്തുന്നവരുണ്ട്.
എന്നാൽ മരുന്നുകളുടെ ഉയർന്ന ചെലവും സ്വകാര്യ ആശുപത്രികളിലെ നിയന്ത്രണമില്ലാത്ത ഫീസുകളും കേരളത്തിലെ സാംക്രമികേതര രോഗങ്ങളുടെ ഉയർന്ന നിരക്കുകളും ആശങ്കകളാണ്.