തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും അടുത്ത മൂന്ന് ദിവസത്തേക്ക് മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റ് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ടും നൽകിയിട്ടുണ്ട്.
25-ാം തീയതി തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലേര്‍ട്ടും നൽകിയിട്ടുണ്ട്.
നിലവില്‍ തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയുടെ തീവ്രത വര്‍ധിക്കാനാണ് സാധ്യത.
വ്യാഴാഴ്ച വിവിധയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ കനക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ തീരമേഖലയില്‍ കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും കടല്‍ക്ഷോഭ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.