ഹൈറേഞ്ചിലെ ഭൂ വിഷയങ്ങൾ കോടതികളിൽ എത്തുന്പോൾ സർക്കാർ അഭിഭാഷകരുടെ നാവ് അടഞ്ഞുപോകും. 1964ലെ ചട്ടമനുസരിച്ച് നൽകിയിരിക്കുന്ന പട്ടയങ്ങളും സിഎച്ച്ആറിൽ (കാർഡമം ഹിൽ റിസർവ്, ഏലമല പ്രദേശം-ഏലമലക്കാടുകളല്ല) നൽകിയിരിക്കുന്ന പട്ടയങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ കോടതികളിൽ എത്തിയപ്പോൾ സർക്കാർ അഭിഭാഷകർ സ്വീകരിച്ച "മൗനം' അറിവില്ലായ്മയായി കാണാനാകില്ല. 1964ലെ ചട്ടം അനുസരിച്ച് 1971 ഓഗസ്റ്റ് ഒന്നിനു മുന്പുള്ള കൈവശഭൂമിക്ക് പട്ടയം നൽകിയതിലെ സാങ്കേതികത്വമായിരുന്നു ഒരു തർക്കം.
ഈ തർക്കത്തെത്തുടർന്ന് 2024 ജനുവരി 10ന് പട്ടയം വിതരണം ഹൈക്കോടതി തടഞ്ഞു. ഇതിൽ 2026 ഫെബ്രുവരി 23നാണ് (25 മാസത്തിനു ശേഷം) സർക്കാർ സത്യവാങ്മൂലം നൽകിയത്. 1971ലെ ചട്ടഭേദഗതിയിലൂടെയാണ് ഇപ്രകാരം പട്ടയം നൽകിയതെന്നു 2026ൽ സർക്കാർ കോടതിയെ അറിയച്ചപ്പോൾ കോടതി സ്റ്റേ പിൻവലിച്ചു. ഈ വസ്തുത കോടതിയെ അറിയിക്കാൻ കേസെടുത്ത അന്നോ പിന്നീട് ഇത്രയും കാലമായിട്ടോ സർക്കാരിനായില്ല. 2026ലെ സർക്കാരിന്റെ സത്യവാങ്മൂലം അംഗീകരിച്ച കോടതി സ്റ്റേ വെക്കേറ്റു ചെയ്തു പട്ടയ നടപടികൾ വ്യവസ്ഥകളോടെ നടത്താൻ അനുവദിച്ചു.
1971നു മുന്പ് ഭൂമി കൈവശമുണ്ടായിരുന്നെന്നു തെളിയിക്കുന്ന രേഖകൾ പട്ടയ അപേക്ഷകൻ സമർപ്പിക്കണമെന്നും അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ (തഹസിൽദാർ) പരിശോധിച്ച് നിജസ്ഥിതി റിപ്പോർട്ട് നൽകണമെന്നുമായിരുന്നു വ്യവസ്ഥ. ഇത് അപ്രായോഗികമാണെന്നു വ്യക്തമാണെങ്കിലും കോടതി പറഞ്ഞ വ്യവസ്ഥകൾ പലിക്കാതെ സർക്കാർ പട്ടയങ്ങൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഇതു കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. അതോടെ മാർച്ച് നാലിന് പട്ടയവിതരണം കോടതി വീണ്ടും സ്റ്റേ ചെയ്തു. ഇപ്പോൾ പട്ടയ നടപടികൾ സ്റ്റേയിലാണ്.
സിഎച്ച്ആറിലെ പട്ടയവിലക്ക്
സിഎച്ച് ആറിൽ പട്ടയം നൽകുന്നത് സുപ്രീം കോടതിയാണ് വിലക്കിയിരിക്കുന്നത്. സിഎച്ച്ആറിൽ പട്ടയം നല്കാൻ 2009ൽ സുപ്രീംകോടതിതന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. സിഎച്ച്ആറിലെ പട്ടയവിതരണം 2024 ഒക്ടോബർ 24ന് സുപ്രീം കോടതി തടഞ്ഞപ്പോൾ പട്ടയം അനുവദിച്ചുള്ള 2009ലെ കോടതിവിധി സുപ്രീം കോടതിയെ ബോധിപ്പിക്കാൻ സർക്കാർ അഭിഭാഷകനായില്ല. അതും കൈയബദ്ധമാണെന്നു കരുതാൻ ഒരു കാരണവുമില്ല. 1993ലെ പ്രത്യേക ഭൂപതിവു നിയപ്രകാരം ഇടുക്കി ജില്ല ഉൾപ്പെടെ കേരളത്തിലെ അഞ്ചു ജില്ലകളിലെ 28,588 ഹെക്ടർ സ്ഥലത്തിനു പട്ടയം നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ കേരള സർക്കാർ തീരുമാനിച്ച് പട്ടയം നല്കിത്തുടങ്ങി. ഇതിൽ 20,300 ഹെക്ടർ സ്ഥലവും സിഎച്ച്ആറിലുള്ളതാണ്. സിഎച്ച്ആർ വനഭൂമിയാണെന്നും അവിടെ നൽകിയിരിക്കുന്ന പട്ടയങ്ങളും കുത്തകപാട്ടങ്ങളും റദ്ദുചെയ്തു ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇതു പരിഗണിച്ച കോടതി 2024 ഒക്ടോബർ 24ന് സിഎച്ച്ആറിലെ പട്ടയ നടപടികൾ കോടതി തടയുകയായിരുന്നു. ഈ നിരോധനം ഇപ്പോഴും തുടരുകയാണ്.
സിഎച്ച്ആർ ഭൂമിയിൽ പട്ടയം നൽകാൻ 2009ൽ സുപ്രീംകോടതി അനുമതി നൽകിയ വിവരം സുപ്രീംകോടതിയെ അറിയിക്കാൻ സർക്കാർ മറന്നു?
മുൻ എംഎൽഎയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും നിയമപോരാട്ടം
1993ലെ പ്രത്യേക നിയമമനുസരിച്ച് പട്ടയം നൽകുന്നതിനെതിരേ പരിസ്ഥിതി സംഘടന കോടതിയിലെത്തിയതാണ്. ഇവരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി പട്ടയ വിതരണം അന്നു തടഞ്ഞു. ഇതിനെതിരെ മുൻ എംഎൽഎ തോമസ് ജോസഫിന്റെ നേതൃത്വത്തിൽ അഡ്വ. ജോണ്സണ് മനയാനി മുഖേന കോടതിയിൽ കേസ് നടത്തുകയും കർഷകർക്ക് അനുകൂലമായി വിധി നേടുകയും ചെയ്തു. പരിസ്ഥിതി സംരക്ഷകരുടെ കുപ്പായം ധരിച്ച സംഘടന സുപ്രീം കോടതിയിലെത്തിയതോടെ പട്ടയ നടപടികൾ വീണ്ടും തുലാസിലായി. ഈ കേസ് സുപ്രീം കോടതിയിൽ പെൻഡിംഗ് ആയപ്പോൾ 2007ൽ ഹൈറേഞ്ചിൽ രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ നാഗേശ്വരറാവു (പിന്നീട് സുപ്രീം കോടതി ജസ്റ്റീസായി) മുഖാന്തിരം കേസ് നടത്തി 2009ൽ സുപ്രീംകോടതിയിൽനിന്നു പട്ടയം നൽകാനുള്ള വിധി നേടി. അതിനാണ് 2024 ഒക്ടോബറിൽ വീണ്ടും കുരുക്കു വീണത്. 2009ലെ വിധി സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു.
കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കാൻ വൈമുഖ്യം
1964ലെ ചട്ടം ഭേദഗതി ചെയ്താണ് 1-8-1971നു മുന്പുള്ള കൈവശഭൂമിക്ക് പട്ടയം നൽകിയത്. 1964ൽ ചട്ടം ഉണ്ടായപ്പോൾ തർക്കമില്ലാത്ത കൈയേറ്റ ഭൂമിക്കു (അണ് ഒബ്ജക്ഷനബിൾ എൻക്രോച്ച് ലാൻഡ്) പട്ടയം നൽകാനായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ചട്ടത്തിൽ 1967ൽ നടത്തിയ ഭേദഗതിയായിരുന്നിത്. ഇതിൽ എന്നുവരെയുള്ള എൻക്രോച്ച്മെന്റ് (കട്ട് ഒഫ് ഡേറ്റ്) എന്നു വ്യക്തമാക്കിയിരുന്നില്ല. ഇതു ബോധ്യപ്പെട്ടപ്പോഴാണ് 1971 ഓഗസ്റ്റ് ആറിനു ചട്ടത്തിൽ ഭേദഗതി വരുത്തി 1971 ഓഗസ്റ്റ് ഒന്നു വരെയുള്ള കൈവശഭൂമിക്കു പട്ടയം നൽകാൻ വ്യവസ്ഥ ഉണ്ടാക്കിയത്. ഈ വിവരം കോടതിയിൽ പറയാൻ അഭിഭാഷകൻ മറന്നു പോയത്രേ. ഇതിനെത്തുടർന്നാണ് 2024ൽ പട്ടയ നടപടികൾ ഹൈക്കോടതി വിലക്കിയത്. ഇത്രയും ഗഹനമായി ഇടുക്കിയിലെ ഭൂമി സംബന്ധിച്ച രേഖകളും നടപടിക്രമങ്ങളും എണ്ണിപ്പറഞ്ഞ് ഇടുക്കിക്കാരെ പൂട്ടാൻ ഈ പരിസ്ഥിതി സംഘടനയ്ക്കുള്ള ഊർജവും സ്രോതസും എവിടെനിന്നാണ്? ഇടുക്കിക്കു പുറത്തേക്കു ഈ പരിസ്ഥിതി സംഘടനകളുടെ പരിസ്ഥിതിസ്നേഹം പോയിട്ടുമില്ല.
(അവസാനിച്ചു)